
കൊച്ചി: പ്രശസ്ത ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് വ്ളോഗ് കൂട്ടായ്മയിലെ വിഡിയോകളിലൂടെ ഏവര്‍ക്കും സുപരിചിതനായിരുന്നു രാഹുല്‍.
രാഹുല്‍ എന്‍ കുട്ടിയുടെ വിയോഗ വാര്‍ത്ത ‘ഈറ്റ് കൊച്ചി ഈറ്റ്’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ വിവിധ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന പ്രശസ്തമായ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. ഫേസ്ബുക്ക് ഫണ്ട് നല്‍കുന്ന ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി കൂടിയാണിത്. കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 ഡോളര്‍ ഫേസ്ബുക്ക് നല്‍കിയിരുന്നു.
ഇന്നലെ രാവിലെയും രാഹുല്‍ ഫുഡ് വ്‌ലോഗ് ചെയ്തിരുന്നു. ഇടപ്പള്ളി ഗണപതി അമ്പലത്തില്‍ പോയി അവിടത്തെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ ഈറ്റ് കൊച്ചി ഈറ്റിലൂടെ പങ്കുവച്ചിരുന്നു. പെട്ടന്നുള്ള മരണം സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.