ന്യൂഡൽഹി: മണിപ്പൂർ പ്രതിസന്ധി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി സർക്കാരിനെ ദേശവിരുദ്ധർ എന്ന് വിളിച്ച രാഹുൽ, ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിക്കുകയാണെന്ന് ആരോപിച്ചു.
കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ ലോക്സഭയെ അഭിസംബോധന ചെയ്ത രാഹുൽ, മണിപ്പൂരിലെ അക്രമങ്ങളിലും ഹരിയാനയിലെ നൂഹിലെ സമീപകാല സംഘർഷങ്ങളിലും കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ‘മണിപ്പൂർ മുതൽ നൂഹ് വരെ നിങ്ങൾ രാജ്യം മുഴുവൻ തീയിട്ടു’വെന്നും രാഹുൽ പറഞ്ഞു.
ബുധനാഴ്ച അവിശ്വാസ ചർച്ച പുനരാരംഭിച്ചപ്പോൾ ആദ്യം സംസാരിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. അടുത്തിടെ സുപ്രീം കോടതി വിധിയെത്തുടർന്ന് എംപിയായി പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷം പാർലമെന്റിലെ തന്റെ ആദ്യ പ്രസ്താവനയിൽ, വ്യവസായി ഗൗതം അദാനിയെ പരാമർശിച്ച തന്റെ അവസാന പ്രസംഗത്തിന് ലോക്‌സഭാ സ്പീക്കറോട് മാപ്പ് പറഞ്ഞുകൊണ്ടാണ് രാഹുൽ ആരംഭിച്ചത്.
“സ്പീക്കർ സർ, എന്നെ ലോക്‌സഭാ എംപിയായി പുനഃസ്ഥാപിച്ചതിന് ഞാൻ നിങ്ങളോട് ആദ്യം നന്ദി പറയുന്നു. ഞാൻ അവസാനമായി സംസാരിച്ചപ്പോൾ, അദാനിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാകാം ഞാൻ നിങ്ങളെ ബുദ്ധിമുട്ടിച്ചത്. നിങ്ങളുടെ മുതിർന്ന നേതാവ് വേദനിച്ചിരിക്കാം… ആ വേദന നിങ്ങളെയും ബാധിച്ചിരിക്കാം. അതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ്. ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഭയപ്പെടേണ്ടതില്ല, കാരണം ഇന്നത്തെ എന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ല,” അദ്ദേഹം പറഞ്ഞു.
തന്റെ പ്രസംഗത്തിൽ, മണിപ്പൂരിൽ ഭാരതമാതാവ് കൊലചെയ്യപ്പെട്ടുവെന്ന് പറഞ്ഞ രാഹുൽ ബിജെപി നേതാക്കളെ രാജ്യദ്രോഹികൾ എന്നു വിളിച്ചു.
“ഞാൻ ‘മണിപ്പൂർ’ എന്ന വാക്ക് ഉപയോഗിച്ചെങ്കിലും മണിപ്പൂർ ഇനി ഇല്ല എന്നതാണ് സത്യം. നിങ്ങൾ മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. നിങ്ങൾ മണിപ്പൂരിനെ വിഭജിക്കുകയും തകർക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല,” കോൺഗ്രസ് നേതാവ് പറഞ്ഞു.
“നിങ്ങൾ ഇന്ത്യയുടെ ശബ്ദത്തെ കൊന്നു, അതിനർത്ഥം നിങ്ങൾ മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തി… എന്റെ അമ്മ ഇവിടെ ഇരിക്കുകയാണ്. മറ്റൊരു അമ്മയായ ഭാരതമാതാവിനെ മണിപ്പൂരിൽ നിങ്ങൾ കൊന്നു,” അദ്ദേഹം സഭയിൽ ഉണ്ടായിരുന്ന സോണിയ ഗാന്ധിയെ ചൂണ്ടിക്കാണിച്ചു.
മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനത്ത് ആദ്യമായി അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തന്റെ മണിപ്പൂർ സന്ദർശനത്തിലെ ചില അനുഭവങ്ങൾ രാഹുൽ വിവരിച്ചു.
“ഞാൻ ഒരു സ്ത്രീയോട് ചോദിച്ചു, ‘നിങ്ങൾക്ക് എന്തു പറ്റി?’ അവർ പറഞ്ഞു, ‘എന്റെ ചെറിയ മകന്, ഒരേയൊരു കുട്ടിക്ക്, എന്റെ കൺമുന്നിൽ വെടിയേറ്റു. രാത്രി മുഴുവൻ ഞാൻ എന്റെ കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം ചെലവഴിച്ചു. എനിക്ക് ഭയം തോന്നി. ഞാൻ എന്റെ വീട് വിട്ടിറങ്ങി.’ അവരുടെ കൂടെ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചു. താൻ ധരിച്ച വസ്ത്രങ്ങളും ഫോട്ടോയും മാത്രം എന്നായിരുന്നു ഉത്തരം.”
മോദി മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പിന്നെ ആരുടെ ശബ്ദം കേള്‍ക്കുമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. രാവണൻ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകർണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.