നെടുമ്പാശേരി: വിദേശ തൊഴിൽ റിക്രൂട്ടിങ് ഏജൻസിയുടെ തട്ടിപ്പിനു ബലിയാടാകേണ്ടി വന്നത് ഇടനിലക്കാരനായി പ്രവർത്തിച്ച യുവാവടക്കം കുടുബത്തിലെ 3 പേർ. കുറുമശേരി അമ്പാട്ടുപറമ്പിൽ ഗോപി (65), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശ ജോലിക്കായി ഷിബിൻ വഴി റിക്രൂട്ടിങ് ഏജൻസിക്കു പണം നൽകിയവർ ജോലി കിട്ടാതായതോടെ പണം തിരികെ ലഭിക്കാൻ വീട്ടിലെത്തിയതോടെ വിഷമിച്ച കുടുംബം അഭിമാനം സംരക്ഷിക്കാനാണ് ആത്മഹത്യ ചെയ്തതെന്നാണു സൂചന.
വ്യാഴം പുലർച്ചെ അഞ്ചു മണിയോടെയാണു മൂന്നു പേർ മരിച്ചെന്ന വിവരം പുറത്തറിയുന്നത്. ഷിബിന്റെ ഭാര്യയും മക്കളും ബന്ധുവീട്ടിലേക്കു പോയിരിക്കുകയായിരുന്നു. മരിച്ച 3 പേരുടെയും ഫോൺ ബുധനാഴ്ച രാത്രി മുതൽ ഓഫ് ആയിരുന്നു. പല തവണ വിളിച്ചിട്ടും ആരും എടുക്കാതായതോടെ ഭാര്യ ഇന്നലെ പുലർച്ചെ അടുത്തുള്ള ബന്ധുക്കളെ വിളിച്ചു വിവരം അന്വേഷിച്ചു.
അങ്കമാലിയിൽ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടിയാണു ഷിബിൻ പ്രവർത്തിച്ചിരുന്നത്. പലരിൽ നിന്നായി ഒന്നര കോടിയോളം രൂപ വാങ്ങിയെന്നാണു സൂചന. ഓസ്ട്രേലിയയ്ക്ക് പോകാൻ 5 ലക്ഷം രൂപ വീതം ഏജൻസി വാങ്ങിയിരുന്നതായാണ് റിപ്പോർട്ട്. ഓരോ ഉദ്യോഗാർഥിയും ഏജൻസിക്കു പണമടക്കുമ്പോൾ അയ്യായിരം മുതൽ പതിനായിരം രൂപ വരെ ഷിബിനു ലഭിച്ചിരുന്നു. ആദ്യ കാലത്തു പലരെയും വിദേശത്തേക്ക് അയയ്ക്കാൻ സാധിച്ചതോടെ കൂടുതൽ പേർ ഷിബിൻ വഴി സ്ഥാപനത്തിനു പണം നൽകി. ഇതിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഏജൻസി ഉടമ മുങ്ങിയതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഷിബിനും കുടുംബവും.
പണം തിരികെ നൽകാൻ 10 സെന്റ് ഭൂമി വിൽപന നടത്തിയിരുന്നു. കുറുമശേരിയിൽ ഉണ്ടായിരുന്ന 2 കടമുറികളും അടുത്തിടെ വിറ്റതായി പറയുന്നു. ബാങ്കിൽ നിന്നു വായ്പയുമെടുത്തിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ബാധ്യത തീർക്കാൻ കുടുംബത്തിനു കഴിഞ്ഞില്ല.