
തൃശൂര്‍: തൃശൂര്‍ തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കുട്ടിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് വ്യക്തമാക്കുന്ന രാസപരിശോധനാഫലം ലഭിച്ചു. പന്നിപ്പടക്കം പൊട്ടിയാണ് കുട്ടി മരിച്ചിരിക്കുന്നതെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് കഴിഞ്ഞ ഏപ്രില്‍ മാസം മരിച്ചത്.
തിരുവില്വാമല പുനര്‍ജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യശ്രീ. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉഗ്രശബ്ദത്തോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്നും മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നുമായിരുന്നു വിവരം.
അതേസമയം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണകാരണത്തില്‍ സംശയം പ്രകടപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയക്കുകയും ചെയ്തു.രാസപരിശോധനാഫലം വന്നതോടെയാണ് പൊട്ടാസ്യം ക്ലോററ്റിന്റെയും സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് അപകടം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്നും പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണെന്നും വ്യക്തമായത്.










