
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ്(36) അന്തരിച്ചു. അർബുദ ബാധിതയായിരുന്ന ഷെൽന മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെൽനയുടെ നിര്യാണത്തിൽ ആലുവ എംഎൽ.എ അൻവർ സാദത്ത് അനുശോചനം അറിയിച്ചു.
ആലുവ മുൻ എംഎൽഎ കെ. മുഹമ്മദലിയുടെ മരുമകളാണ് ഷെൽന. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഷെൽനയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷവും രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു വരികയായിരുന്നു. ഇതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിൽ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെയായിരുന്നു ആർകിടെക്ട് കൂടിയായ ഷെൽന മത്സരിച്ചത്. എന്നാൽ 18,886 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് അന്‍വര്‍ സാദത്ത് വിജയിച്ചത്. ഷെല്‍നക്ക് 54,817വോട്ടുകളാണ് ലഭിച്ചത്.