
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ട നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി പോലിസ് പത്ത് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോക്‌സഭയുടെ നടത്തളത്തിലേക്ക് ചാടിയ സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം വര്‍മ, അമോല്‍ ഷിന്‍ഡെ, ഗുരുഗ്രാം സ്വദേശി വിശാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ യുഎപിഎയ്ക്ക് പുറമെ ഐപിസി വകുപ്പുകളും ചുമത്തി. വിശാലിന്റെ ഭാര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അതേസമയം പാര്‍ലമെന്റിലെ അതിക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝായെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. അതിക്രമത്തിന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ലളിത് ഝാ താമസിച്ചിരുന്നത് കൊല്‍ക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
ലളിത് ഝാ ഭഗത് സിങ്ങിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എല്ലാവരും പാര്‍ലമെന്റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേര്‍ക്ക് മാത്രമാണ്. സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.