
ആലപ്പുഴ: ഇതര സംസ്ഥാന തൊഴിലാളിയുടെ പതിനാലുകാരനായ മകനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകന്‍ ബര്‍ക്കത്തലിക്കാണ് മര്‍ദ്ദനമേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബര്‍ക്കത്തലി. കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
പരുക്കേറ്റ ബര്‍ക്കത്തലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ കുടുംബം പൊലീസിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് ബര്‍ക്കത്തലി ഓടിച്ച സ്‌കൂട്ടര്‍ മണ്ണഞ്ചേരിയില്‍ വച്ച് എതിരെ വന്ന ഒരു പെണ്‍കുട്ടിയുടെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ തന്റെ ഭാഗത്താണ് തെറ്റെന്നും താന്‍ എതിര്‍ദിശയിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
എന്നാല്‍ അടുത്തദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബര്‍ക്കത്തലിയെ അന്വേഷിച്ചു വരികയും വീട്ടുടമയുമായി സംസാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബര്‍ക്കത്തലിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മാതാപിതാക്കളെ സ്റ്റേഷന് പുറത്ത് നിര്‍ത്തിയ ശേഷം അകത്ത് വച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് പരാതി. കുട്ടിയെ ആറുമണിക്കൂറോളം നേരം പൊലീസ് കസ്റ്റഡിയില്‍ വച്ചു. കുട്ടിയുടെ മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ ദേഹത്ത് പരിക്കേറ്റ പാടുകളുണ്ട്.
അതേസമയം കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനില്‍ വച്ച് പൊലീസുകാരോട് കുട്ടി മോശമായി പെരുമാറിയെന്നും അതുകൊണ്ടാണ് മര്‍ദ്ദിക്കേണ്ടി വന്നത് എന്നും പോലീസ് വിശദീകരണം നല്‍കുന്നു.












