ഫ്രാൻസിലെ സ്‌കൂളുകളിൽ മുസ്ലീം വസ്ത്രമായ അബായ നിരോധിക്കും

പാരിസ്: ഫ്രാന്‍സിലെ സർക്കാർ വിദ്യാലയങ്ങളില്‍ മുസ്ലീം വസ്ത്രമായ അബായ നിരോധിക്കും. ചില മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അയഞ്ഞ, മുഴുനീളത്തിലുള്ള വസ്ത്രമാണ് അബായ. ഫ്രാൻസിലെ വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അടൽ, ഫ്രഞ്ച് ടെലിവിഷൻ ചാനലായ ടിഎഫ് 1-ന് ഞായറാഴ്ച നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”നിങ്ങൾ ഒരു ക്ലാസ് മുറിയിൽ കയറുമ്പോൾ, വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകരുത്,” എന്നും അദ്ദേഹം പറഞ്ഞു. സെക്കുലറിസം എന്നാൽ സ്വയം മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും ഗബ്രിയേൽ അടൽ കൂട്ടിച്ചേർത്തു. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് ദേശീയ തലത്തിൽ, ഇതു സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2004-ൽ, സ്കൂളുകളിൽ വിദ്യാർത്ഥികൾ മതപരമായ ബന്ധം പ്രകടമാക്കുന്ന അടയാളങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നത് ഫ്രാൻസ് നിരോധിച്ചിരുന്നു. ക്രിസ്ത്യാനികൾ വലിയ കുരിശുകൾ അണിയുന്നത്, യഹൂദർ ധരിക്കുന്ന കിപ്പാകൾ (ജൂത തൊപ്പി) ഇസ്ലാമിക ശിരോവസ്ത്രങ്ങൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. എങ്കിലും കഴിഞ്ഞ നവംബർ മാസം വരെ അബായകളെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇത്തരം വസ്ത്രങ്ങളുടെയും അടയാളങ്ങളുടെയും കൂട്ടത്തിൽ അബായ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർക്കുലർ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു. മതപരമായ ബന്ധം പരസ്യമായി പ്രദർശിപ്പിക്കുന്ന തരത്തിൽ ധരിക്കുന്ന വസ്ത്രങ്ങൾ നിരോധിക്കപ്പെടുമെന്നും സർക്കുലറിൽ പറയുന്നു.

ടീച്ചേഴ്‌സ് യൂണിയൻ നേതാവ് ബ്രൂണോ ബോബ്കിവിച്ച്സ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ തലവൻ എറിക് സിയോട്ടോയും വാർത്ത സ്വാഗതം ചെയ്ത് രം​ഗത്തെത്തി. സ്‌കൂളുകളിൽ അബായകൾ നിരോധിക്കണമെന്ന് തങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ ഫ്രാൻസ് അൺബോഡ് പാർട്ടി അംഗം ക്ലെമന്റൈൻ നിരോധനത്തെ അപലപിച്ച് രംഗത്തെത്തി. ഇത് ഭരണഘടനാ വിരുദ്ധവും ഫ്രാൻസിന്റെ മതേതര മൂല്യങ്ങൾക്ക് എതിരുമാണെന്നും ക്ലെമന്റൈൻ ചൂണ്ടിക്കാട്ടി.

അബായയെ ചുറ്റിപ്പറ്റിയുള്ള വിവാദം 2020-ൽ ഫ്രാൻസിൽ ശക്തമായിരുന്നു. ചെചെൻ സമുദായത്തിൽ പെട്ടയാൾ ഒരു മുസ്ലീം അദ്ധ്യാപകനെ കഴുത്തറുത്ത് കൊന്നതിനു ശേഷമായിരുന്നു ഇത്. പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചറുകൾ അധ്യാപകൻ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുത്തിരുന്നു. ഇതേത്തുടർന്നായിരുന്നു സംഭവം നടന്നത്.