‘ചൈനയുടെ അധിനിവേശം ലഡാക്കിനെ ബാധിച്ചു’; മോദിയുടെ വാദം തെറ്റെന്ന് രാഹുൽ

ന്യൂഡൽഹി: ചൈനയുടെ അധിനിവേശം ലഡാക്കിനെ ബാധിച്ചെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ യഥാർഥ നിയന്ത്രണരേഖ ചൈന മറികടന്നി​ട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തെറ്റാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇവിടെയുള്ള ആരോട് ചോദിച്ചാലും മോദിക്ക് സത്യമറിയാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ചൈന അവരുടെ ഭൂമി കൊണ്ടു പോയതിലാണ് ലഡാക്കിലെ ജനങ്ങൾക്ക് ആശങ്കയുള്ളത്. ഇതുമൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് പാങ്ഗോങ് തടാകത്തിന് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ രാഹുൽ പറഞ്ഞു.

ശനിയാഴ്ച ലേയിൽ നിന്നും പാങ്ഗോങ് തടാകത്തിലേക്ക് ബൈക്കിലാണ് രാഹുൽ ഗാന്ധിയെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ലഡാക്കിലെത്തിയത്. ഭാരത് ജോഡോ യാത്രക്കിടെ ലഡാക്കിലെത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇവിടത്തെ ജനങ്ങൾക്ക് തന്നോട് കുറേ കാര്യങ്ങൾ പറയാനുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം ലഡാക്കിലെത്തി വിഷയം ഉയർത്തിയ രാഹുൽ ഗാന്ധിക്ക് നന്ദിയറിച്ച് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര രംഗത്തെത്തി. മോദിക്ക് പകരം ​മ​റ്റേതൊരു പ്രധാനമന്ത്രിയാണെങ്കിലും ലഡാക്കിലെത്തി ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നൽകുമായിരുന്നു. എന്നാൽ, ഇതിന് പകരം ചൈനക്ക് ക്ലീൻചിറ്റ് നൽകാനാണ് മോദി ശ്രമിച്ചത്. ചൈനക്ക് സന്ദേശം നൽകിയതിൽ രാഹുൽ ഗാന്ധിയോട് നന്ദി പറയുകയാണെന്ന് പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.