ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20; പദ്ധതിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ വലിയ പ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യ മുതല്‍ യൂറോപ്പ് വരെ നീളുന്ന സാമ്പത്തിക ഇടനാഴിയാണ് ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ചത്.

ഏഷ്യ യൂറോപ്പ് ബന്ധത്തില്‍ കാതലായ മാറ്റം കൊണ്ടുവരുന്നതാകും ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ തുടങ്ങി മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്നതാണ് ഇടനാഴി. ഇതിന് പുറമെ അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, യുഎഇ എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനായി റെയില്‍വേ, തുറമുഖങ്ങള്‍, വൈദ്യുതി നെറ്റ് വര്‍ക്കുകള്‍, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ എന്നിവ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ആരംഭിക്കാനും ഉച്ച കോടിയില്‍ ധാരണയായി.

ചരിത്രപരമായ തിരുമാനം

ജി 20 ഉച്ചകോടിയിലെ സാമ്പത്തിക ഇടനാഴി പ്രഖ്യാപനം ചരിത്രപരമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. മറ്റ് ലോക നേതാക്കളും പദ്ധതിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ജി 20 ഉച്ചകോടിയില്‍ വലിയ പിന്തുണയാണ് ഇന്ത്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിന് കിട്ടിയത്.

വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സാമ്പത്തിക ഇടനാഴി പദ്ധതിക്ക് ജി 20 തുടക്കമിട്ടത്. 140 കോടി ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ വിശാലമായ വിപണിയെ പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇടനാഴിയെന്നാണ് കണക്കുകൂട്ടല്‍. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷേറ്റീവിന് മറുപടിയാണ് ഇന്ത്യ യൂറോപ് സാമ്പത്തിക ഇടനാഴി എന്നാണ് വിലയിരുത്തല്‍. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്നതായിരുന്നു ചൈനീസ് ബെല്‍റ്റ് റോഡ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ ഇടനാഴി മിഡില്‍ ഈസ്റ്റ് മേഖലയുടെ സമഗ്ര വികസനത്തിനും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും വിലയിരുത്തലുണ്ട്.

ജി 20 രാജ്യങ്ങളെ ബന്ധിപ്പിക്കുകയായിരിക്കും സാമ്പത്തിക ഇടനാഴിയുടെ പ്രഥമ ലക്ഷ്യമെന്നും അടുത്ത തലമുറയ്ക്കായി അടിത്തറ പാകുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ അവസരങ്ങള്‍ വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. മിഡില്‍ ഈസ്റ്റില്‍ റെയില്‍വേ, തുറമുഖ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.മുബൈയില്‍ നിന്ന് സൂയസ് കനാല്‍ വഴി യൂറോപ്പിലേക്ക് പോകുന്ന ചരക്കുകള്‍ക്ക് ഭാവിയില്‍ ദുബായില്‍ നിന്ന് ഇസ്രായേലിലേക്ക് റെയില്‍ മാര്‍ഗ്ഗം പോകാമെന്നും അതിലൂടെ പണവും സമയവും ലാഭിക്കാമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയർന്നിരുന്നു. നിലവില്‍ സൂയസ് കനാല്‍ ഇടനാഴി ഒരുപാട് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 2021 മാര്‍ച്ചില്‍ എവര്‍ ഗിവണ്‍ കപ്പല്‍ ജലപാതയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയോളം നീണ്ട പ്രതിസന്ധിയും ഉള്‍പ്പെടെ രൂപം കൊണ്ടിരുന്നു.

G20 Summit Announces India-Europe Economic Corridor