‘ഇതൊക്കെ വെറും നിസാരം’; മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മറുപടി പറഞ്ഞ് യുഎസ് വക്താവ്

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ മറുപടി നൽകുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മാര്‍ഗരറ്റ് മക്ലിയോഡിന്റെ വീഡിയോ വൈറലായി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടറാണ് മാര്‍ഗരറ്റിനോട് ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്ന് അവര്‍ ഹിന്ദിയില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തത്.

“ഇന്ത്യയും യുഎസും വിവിധ മേഖലകളിൽ വളരെയധികം സഹകരണത്തോടെ പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. വിവരസാങ്കേതിക രംഗത്ത് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. ഇലക്ട്രോണിക് വാഹന രംഗത്തും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നു,” മാർഗരറ്റ് ഹിന്ദിയിൽ പറഞ്ഞു.

അമേരിക്കന്‍ ഉച്ചാരണത്തോടെ സ്പുടതയോടെ ഹിന്ദി സംസാരിക്കുന്ന വിദേശ വനിത എന്ന വിശേഷത്തോടെ മാര്‍ഗരറ്റ് മക്ലിയോഡ്സിന്റെ പ്രതികരണമാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആഗോള സമാധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഉച്ചകോടിയില്‍ നടക്കുന്നുണ്ടെന്നും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഎസ് എപ്പോഴും സന്നദ്ധമാണെന്നും മാര്‍ഗരറ്റ് പറഞ്ഞു. സമ്പത്ത് രംഗത്തെ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചും ആഗോളതലത്തില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും മാര്‍ഗരറ്റ് ഹിന്ദിയില്‍ സംസാരിച്ചു.

ലോകത്തെ ഹിന്ദി, ഉര്‍ദു ഭാഷാ വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്റെ വക്താവാണ് മാര്‍ഗരറ്റ്. ഹിന്ദി, ഉര്‍ദു ഭാഷാ വിഭാഗങ്ങള്‍ക്കിടയില്‍ യുഎസിന്റെ വിദേശ നയത്തെക്കുറിച്ചും മറ്റു പദ്ധതികളെക്കുറിച്ചുമെല്ലാം വിശദീകരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.

More Stories from this section

family-dental
witywide