സാങ്കേതിക തകരാര്‍; ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം അവസാന നിമിഷം മാറ്റി വെച്ചു

ശ്രീഹരിക്കോട്ട: ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് നടക്കേണ്ടിയിരുന്ന ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം മാറ്റി വെച്ചു. ഗഗന്‍യാന്‍ ഇന്ന് വിക്ഷേപണം നടത്തില്ലെന്നും മറ്റൊരു ദിവസം നടത്തുമെന്നും ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് അറിയിച്ചു. തീരുമാനിച്ചിരുന്ന സമയത്തിനു അഞ്ച് സെക്കന്റ് മുമ്പ് മാത്രമാണ് വിക്ഷേപണം നിര്‍ത്തിവെച്ചത്. എന്‍ഞ്ചിന്‍ ഇഗ്‌നീഷ്യന്‍ നടന്നില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ ഏഴു മണിക്കാണ് വിക്ഷേപണം നടത്തേണ്ടിയിരുന്നത്. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ പലതവണ നിര്‍ത്തിവെച്ചിരുന്നു. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ടിവിഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കേണ്ടിയിരുന്നത്.

റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കുന്നതിനെയാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നു പറയുന്നത്. ഇതിന്റെ കൃത്യതയാണ് ഇന്ന് പരിശോധിക്കേണ്ടിയിരുന്നത്. പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് ‘ക്രൂ എസ്‌കേപ്പ് സിസ്റ്റം’.

അതേസമയം റോക്കറ്റും മൊഡ്യൂളും സുരക്ഷിതമാണെന്നും വിക്ഷേപണം വൈകാതെ നടക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സ് ഹോള്‍ഡ് ആയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക വഴിത്തിരിവാകേണ്ട ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം മാറ്റി വെച്ചത്.