
ഇന്നു രാവിലെ ഏഴു മണി മുതൽ ( ഇന്ത്യൻ സമയം 10.30) ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കെ ഇസ്രയേൽ അതി രൂക്ഷമായ ആക്രമണം തുടരുകയാണ്. ഒടുവിലായി അൽ ജബലിയയിലെ യുഎൻ നിയന്ത്രണത്തിലുള്ള അബു ഹുസൈൻ സ്കൂളിൽ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ആകെ മരിച്ചവരുടെ എണ്ണം 14800 കടന്നു.
ഖാൻ യുനസിൽ നടക്കുന്ന വ്യോമാക്രമണത്തിൽ ഷേഖ് നാസറിലുള്ള 5 പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പലസ്തീൻ വാർത്താ ഏജൻസിയായ വാഫാ റിപ്പോർട്ട് ചെയ്തു.
പൂർണമായും പിടിച്ചെടുത്തെന്ന് ഗാസ നിവാസികളെ അറിയിച്ച സൈന്യം, മേഖലയിൽനിന്ന് പൂർണമായും ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. ജബാലിയ, ഷുജൈയ മേഖലയിലുള്ളവർ വാദി ഗാസയുടെ തെക്കൻ പ്രദേശത്തേക്ക് മാറണമെന്നാണ് നിർദേശം.
വെടിനിർത്തൽ ധാരണയായതിനുശേഷവും ഗാസയിൽ വ്യാപകമായ ആക്രമണമാണ് ഇസ്രയേൽ സൈന്യം നടത്തുന്നത്. വ്യാഴാഴ്ച 300 ഇടങ്ങളിൽ വൻ ആക്രമണമുണ്ടായി. ഹമാസിന്റെ തുരങ്കങ്ങൾ, ആയുധപ്പുരകൾ, ആയുധനിർമാണശാലകൾ എന്നിവ തകർത്തതായി സൈന്യം അവകാശപ്പെട്ടു. ഖാൻ യൂനിസിലെ മൂന്ന് മോസ്കുകൾ തകർത്തു. വാദി ഗാസ മേഖലയിലെ ആശുപത്രികളുടെയെല്ലാം പ്രവർത്തനം നിലച്ചു.
വടക്കൻ ഗാസ കൊടുംപട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. വടക്കൻ മേഖലയിൽ തുർക്കിയ സഹകരണത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽനിന്ന് ഖാൻ യൂനിസിലേക്ക് ഒഴിപ്പിക്കവേ, നാല് രോഗികൾ മരിച്ചു. യുദ്ധത്തിൽ ഇതുവരെ 14,500 ഗാസ നിവാസികൾ കൊല്ലപ്പെട്ടു.
തെക്കൻ ലബനനിൽ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ ബോംബാക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൾ നടത്തി സായുധസംഘം ഹിസ്‌ബുള്ള. വടക്കൻ ഇസ്രയേലിലേക്ക് 50 റോക്കറ്റാണ് അയച്ചത്.
അൽ ഷിഫ ഡയറക്ടറെ ഇസ്രയേൽ അറസ്റ്റ് ചെയ്തു
അൽ ഷിഫ ആശുപത്രിയുടെ ഡയറക്ടർ അബു സലാമിയയെ ഇസ്രയേൽ പട്ടാളം അറസ്റ്റ് ചെയ്തു. ഇസ്രയേൽ പിടിച്ചെടുത്ത ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആശുപത്രിയിൽ സൈന്യം വലിയതോതിൽ നശീകരണം നടത്തുകയാണെന്ന് ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. ആശുപത്രിയിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടനയുമായി ഇനി സഹകരിക്കില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Gaza death toll crosses 148000















