
ജറുസലം: യുദ്ധത്തിൻ്റെ കെടുതിയില്‍ വലഞ്ഞ് കയ്യില്‍ കിട്ടിയത് എടുത്ത് ഓടി രക്ഷപ്പെടുകയാണ് വടക്കൻ ഗാസയിലെ ജനം. ഒഴിഞ്ഞുപോകുന്നവര്‍ക്ക് നേര്‍ക്കും റോക്കറ്റ് ആക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കാറിലും ട്രക്കിലും കഴുതപ്പുറത്തും സാധനങ്ങള്‍ കുത്തി നിറച്ച് വീടും നാടും എല്ലാം ഇട്ടെറിഞ്ഞ് അവര്‍ ഓടി രക്ഷപ്പെടുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതായിട്ട് ദിവസങ്ങളായി. ഫോണുകളില്‍ ചാര്‍ജ് തീര്‍ന്ന് ബന്ധുക്കളെ ബന്ധപ്പെടാൻ ഒരു സാഹചര്യവുമില്ല മിക്കവര്‍ക്കും. വാഹനങ്ങളില്‍ നിറയ്ക്കാൻ ഇന്ധനമില്ല. ജനങ്ങള്‍ ആശുപത്രി പരിസരത്തും യുഎൻ ക്യാംപുകളിലും തിങ്ങിനിറഞ്ഞിരിക്കുകയാണ്. പലരും കുടിവള്ളവും ഭക്ഷവും ഇല്ലാതെയും ഉറങ്ങാൻ സ്ഥലമില്ലാതെയും നരകിക്കുകയാണ്. പലസ്തീനില്‍ കുടുങ്ങിയ വിദേശികളെ തെക്ക് റാഫാ അതിര്‍ത്തി വഴി ഈജിപ്തില്‍ എത്തിക്കാൻ ധാരണയായി.
കുടിവെള്ളം ഇല്ലാത്തത് വൻ പ്രതിസന്ധിയും പ്രത്യാഖാതവുമുണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ധനം ലഭിച്ചാല്‍ മാത്രമേ വൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കാൻ സാധിക്കൂ. ആക്രമണത്തില്‍ ആശുപത്രികളും സ്കൂളുകളും തകര്‍ന്നു. 30 ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചതായി പലസ്തീൻ പറയുന്നു.
ഇസ്രയേല്‍ സൈന്യം ആകാശ മാര്‍ഗം ലഘുലേഖകള്‍ വിതരണം ചെയ്തു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ തിരിച്ചു വരരുതെന്നാണ് ഗാസയിലുള്ളവരോട് ആവശ്യപ്പടുന്നത്. കൂട്ടപ്പാലായനമാണ് ലോകം കാണുന്നത്. ഇൻ്റര്‍ നെറ്റ് സൗകര്യ ഇല്ലാതായതോടെ ലോകവുമായുള്ള എല്ലാ ബന്ധവും അവര്‍ക്ക് നഷ്ടപ്പെട്ടു. മൂന്നര ലക്ഷം വരുന്ന ഇസ്രയേല്‍ സൈന്യം കരമാര്‍ഗമുള്ള ആക്രമണത്തിന് തയാറായി നില്‍ക്കുകയാണ്. ഏതു നിമിഷവും അവര്‍ ആക്രമിച്ചേക്കാം.
വ്യോമ ആക്രമണത്തില്‍ ഹമാസ് വ്യോമ മേധാവി മുറാദ് അബു മുറാദ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. എപ്പോള്‍ ആക്രമണം തുടങ്ങും എന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നെതന്യാഹു അതിര്‍ത്തിയിലെ സൈനികരെ സന്ദര്‍ശിച്ചു. തയാറെടുപ്പുകള്‍ വിലയിരുത്തി. ഇസ്രയേലിനെ സഹായിക്കാൻ എഫ് 15 ഇ വിമാനങ്ങള്‍ ജറുസലമില്‍ വിന്യസിച്ചതായി യുഎസ് അറിയിച്ചു. ഗാസയില്‍ ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്നും പലസ്തീന് 110 കോടി രൂപ സഹായം നല്‍കുമെന്നും യുഎഇ അറിയിച്ചു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാൻ 57 അംഗ ഇസ്ലാമിക് രാഷ്ട്ര കൂട്ടായ്മ ബുധനാഴ്ച ജിദ്ദയില്‍ ചേരും.
പലസ്തീനും ഇസ്രയേലിനും അനുകൂലമായി ലോകത്തിൻ്റെ പല ഭാഗത്തും പ്രകടനങ്ങള്‍ നടന്നു. സാബത്തായ ഇന്നലെ സിനഗോഗുകളില്‍ ഇസ്രയേലിമായി പ്രത്യേക പ്രാര്‍ഥന നടന്നു. ഹമാസ് തട്ടിക്കൊണ്ടുപോയ ചിലരുടെ മൃതദേഹം ഇന്നലെ ഗാസയില്‍നിന്ന് ലഭിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു.














