
ഗാസ: ഇസ്രയേൽ ആക്രമണത്താൽ നാടും വീടും ഉപേക്ഷിച്ച ഗാസൻ ജനതയുടെ ജീവിതം കൊടും ദുരിതത്തിൽ. ഭക്ഷ്യവിതരണം ഉൾപ്പെടെ തടസപ്പെട്ടതോടെ ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ ഫുഡ് പ്രോഗ്രാം. ഇന്ധനക്ഷാമവും ആശയവിനിമയ സംവിധാനങ്ങളിലെ തകരാറും മൂലം ഗാസയിലേക്കുള്ള യു എൻ സഹായവിതരണം വീണ്ടും നിർത്തിവച്ചിരിക്കുകയാണ്. യുദ്ധം തുടങ്ങിയ ഇന്നു മുതൽ ഗാസയ്ക്ക് ആവശ്യമായതിൻ്റെ 10 ശതമാനം ഭക്ഷ്യ വസ്തുക്കൾ മാത്രമേ ഗാസയിൽ എത്തുന്നുള്ളു. രണ്ടു ദിവസമായി ഗാസയിലേക്ക് ട്രക്കുകൾ വന്നിട്ടേയില്ല. ഗാസയിലെ ഭക്ഷണ വിതരണ സംവിധാനം മുഴുവൻ തകർന്നിരിക്കുകയാണ്.
ഗാസയിൽ രോഗം പടർന്നുപിടിക്കുന്ന തോതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ശ്വാസകോശ സംബന്ധമായി രോഗം ബാധിച്ച എഴുപതിനായിത്തിലധികം കേസുകളും നാൽപ്പത്തി നാലായിര-ത്തിലധികം വയറിളക്ക കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രണ്ടുദിവസമായി ഗാസയിലേക്ക് ട്രക്കുകൾ എത്തിയിട്ടില്ല.
അന്താരാഷ്ട്ര സമ്മർദം ഏറുന്നതിനിടെ, മേഖലയിലേക്ക് പരിമിത അളവിൽ ഇന്ധനം അനുവദിക്കാമെന്ന് ഇസ്രയേൽ യുദ്ധമന്ത്രിസഭ അറിയിച്ചു. ദിവസേന രണ്ട് ട്രക്കുവീതം ഇന്ധനം അനുവദിക്കാമെന്നാണ് പ്രഖ്യാപനം. ഇത് ഹമാസിന് ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഗാസ മുനമ്പിലേക്ക് ഇന്ധനം എത്തുന്നത്. ജലവിതരണ, മാലിന്യ പൈപ്പ്‌ലൈനുകൾ പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനംമാത്രം റാഫ അതിർത്തിവഴി ഗാസ മുനമ്പിലേക്ക് കടത്തിവിടുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിലെ ഒരു വീട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസിയായ വഫ അറിയിച്ചു. മധ്യ ഗാസയിലെ നുസീരിയത്ത് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 18 സാധാരണക്കാർക്കും ജീവൻ നഷ്ടമായി.
ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ ആരംഭിക്കുന്നതിന് മുൻപ് 12 ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന വടക്കൻ ഗാസയിൽ നിലവിൽ 8,07,000 പേർ മാത്രമാണുള്ളതെന്ന് പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. റിപ്പോർട്ട് പ്രകാരം താമസക്കാരിൽ മൂന്നിലൊന്ന് പേർ സംഘർഷത്തെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടു.
ഗാസയിൽ ആശയവിനിമയ സംവിധാനവും പൂർണമായും നിലച്ചു. ഗാസയിൽ ഫീൽഡ് ആശുപത്രി തുടങ്ങാൻ ഐക്യരാഷ്ട്ര സംഘടന സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Gaza faces hunger as food system collapse warns WFP










