
ന്യൂഡല്‍ഹി: യുദ്ധത്തില്‍ തകര്‍ന്ന പലസ്തീനിലെ തന്റെ വീട്ടില്‍ നിന്ന് അഞ്ചുകിലോമീറ്ററുകള്‍ നടന്ന് തെക്കന്‍ ഗാസയിലെ ഒരു ആശുപത്രിയില്‍ എത്തി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഇമാന്‍ അല്‍-മസ്രി വിശപ്പിന്റെ വിളിയില്‍ തളര്‍ന്നിരുന്നു. നാലു കുഞ്ഞുങ്ങള്‍ക്കും മുലയൂട്ടേണ്ട അമ്മയ്ക്കാകട്ടെ വയറു നിറയെ കഴിക്കാന്‍ അവിടെ ഒന്നുമില്ലായിരുന്നു. എല്ലാം കണ്ട് ദുഖം കടിച്ചമര്‍ത്തി പിതാവ് അമ്മാര്‍ അല്‍-മസ്രി വല്ലതും കഴിക്കാന്‍ കിട്ടുമോ എന്നറിയാന്‍ പുറത്തുകൂടി അലഞ്ഞു നടന്നു. മിക്കവാറും വെറും കൈയ്യോടെ അമ്മാര്‍ മടങ്ങിയെത്തും. നാല് നവജാത ശിശുക്കളെ കൂടാതെ മറ്റ് മൂന്നു കുട്ടികള്‍ക്കൂടിയുണ്ട് ദമ്പതികള്‍ക്ക്. ശൂന്യമായി മടങ്ങിയെത്തുമ്പോള്‍ വിശന്നിരിക്കുന്ന തന്റെ കുടുംബത്തെ പോറ്റാന്‍ കഴിയാതെ സ്വയം പഴിച്ച് ജീവിക്കുന്നു 33 കാരനായ അമ്മാര്‍.
ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍, യുവതി സുരക്ഷിതത്വം തേടി മറ്റ് മൂന്ന് കുട്ടികളുമായി കാല്‍നടയായി ബെയ്ത്ത് ഹനൂനിലെ കുടുംബവീട്ടില്‍ നിന്ന് പലായനം ചെയ്തു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അഞ്ച് കിലോമീറ്റര്‍ നടന്ന് അവര്‍ തെക്ക് ദേര്‍ അല്‍-ബാലയിലേക്കെത്തി.

‘ ആറുമാസത്തിലധികം ഗര്‍ഭിണിയായിരുന്നു ഞാന്‍ അപ്പോള്‍. യാത്ര എന്റെ ഗര്‍ഭധാരണത്തെയും ആരോഗ്യത്തെയും ബാധിച്ചു,’ 28 കാരിയായ അമ്മ തന്റെ ഉള്ളു നുറുങ്ങുന്ന കഥ പറഞ്ഞു. ഡിസംബര്‍ 18 ന് സിസേറിയന്‍ വഴി പെണ്‍മക്കളായ ടിയ, ലിന്‍, ആണ്‍മക്കളായ യാസര്‍, മുഹമ്മദ് എന്നിവര്‍ക്ക് ജന്മം നല്‍കി. എന്നാല്‍ വേണ്ടത്ര പരിചരണം ലഭിക്കുംമുമ്പേ ഇമാനോട് നവജാതശിശുക്കളുമായി ആശുപത്രി വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അതിനു കാരണം യുദ്ധത്തില്‍ മാരകമായി മുറിവേറ്റ് ജീവനുവേണ്ടി കേഴുന്നവര്‍ക്ക് പരിചരണം നല്‍കാനായിരുന്നു. നാലുകുഞ്ഞുങ്ങളില്‍ മുഹമ്മദിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് ഇമാനും കുടുംബവും ആശുപത്രി വിട്ടത്. ‘മുഹമ്മദിന് ഒരു കിലോഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. അവന് അതിജീവിക്കാന്‍ കഴിയില്ല,’ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലെ ആശുപത്രിയില്‍ ഉപേക്ഷിച്ച കുട്ടിയെ കുറിച്ച് പറയുമ്പോള്‍ ആ അമ്മയുടെ മനസില്‍ എന്തായിരിക്കുമെന്നത് ഇനി വിവരിക്കേണ്ടതില്ലല്ലോ.
ഇപ്പോള്‍, ടിയ, ലിന്‍, യാസര്‍ എന്നിവര്‍ക്കും അവരുടെ കുടുംബത്തിലെ മറ്റ് 50 ഓളം അംഗങ്ങള്‍ക്കുമൊപ്പം ദേര്‍ അല്‍-ബാലയിലെ ഒരു ഇടുങ്ങിയ സ്‌കൂള്‍ മുറിയിലാണ് അവര്‍ താമസിക്കുന്നത്. ദുരിതം അവരുടെ കൂടെപ്പോയി എന്നു പറയുന്നതാവും ശരി. കാരണം ആളുകള്‍ തിങ്ങി നിറഞ്ഞ മുറിയില്‍ ആഹാരമോ ശുദ്ധജലമോ ഇല്ലാതെ കുഞ്ഞുങ്ങള്‍ക്ക് മാറ്റാന്‍ ഡയപ്പറുകളില്ലാതെ ശെരിക്കൊന്ന് ഉറങ്ങാനാവാതെ അവര്‍ ബുദ്ധിമുട്ടിയിരുന്നു.
‘ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍, കുട്ടികള്‍ക്കായി കുറച്ച് വേനല്‍ക്കാല വസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധം ഒന്നോ രണ്ടോ ആഴ്ച നീണ്ടുനില്‍ക്കുമെന്നും അതിനുശേഷം ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുമെന്നും ഞാന്‍ കരുതി,’ ഇത് പറഞ്ഞ അവരുടെ മുഖത്ത് പ്രതീക്ഷ മാഞ്ഞിരുന്നു. 11 ആഴ്ചയ്ക്കപ്പുറം, എപ്പോഴെങ്കിലും തിരിച്ചുപോകാനാകുമെന്ന പ്രതീക്ഷപോലും ചിന്തകള്‍ക്കുമപ്പുറമാണ്.
മറ്റ് അമ്മമാരെപ്പോലെ, പാരമ്പര്യം പിന്തുടരാനും തന്റെ കുഞ്ഞുങ്ങളുടെ ജനനം ‘പനിനീര്‍ ഒഴിച്ച്’ ആഘോഷിക്കാനും ഇമാനും പ്രതീക്ഷിച്ചിരുന്നു, പക്ഷേ പ്രസവം കഴിഞ്ഞ് 10 ദിവസമായി ‘ഞങ്ങള്‍ക്ക് അവരെ കുളിപ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നു പറയുമ്പോള്‍ ഇമാന്‍ യുദ്ധത്തിന്റെ ഇരയായ നിസ്സഹായ ആയി മാറുകയാണ്.
ശുദ്ധജലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും പാല്‍, മരുന്ന്, ശുചിത്വ സാമഗ്രികള്‍, ഡയപ്പറുകള്‍ എന്നിവയുള്‍പ്പെടെ ഭക്ഷണം പോലും കിട്ടാക്കനിയാകുമ്പോള്‍ മറ്റ് മൂന്ന് കുട്ടികളെ വളര്‍ത്തിയ ഓര്‍മ്മകളില്‍ നെടുവീര്‍പ്പിടുകയാണ് ഇമാന്‍.

കുടുംബത്തെ പോറ്റാന്‍ കഴിയാത്തതിനാല്‍ താന്‍ തകര്‍ന്നിരിക്കുകയാണെന്ന് അവരുടെ ഭര്‍ത്താവ് അമ്മാര്‍ അല്‍-മസ്രി പറയുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന സ്‌കൂള്‍ മുറിയില്‍ ഒട്ടിയ വയറുമായി കഴിയുന്ന തന്റെ മക്കളെയോര്‍ത്ത് ആ പിതാവ് ദുഖത്തിന്റെ ആഴങ്ങളിലേക്ക് പോയി.
ഇമാനും അമ്മാറും ഗാസയുടെ ദുരന്തത്തിന്റെ ഇരകളാണ്. ആയുഷ്‌ക്കാലം നേടിയതെല്ലാം ഉപേക്ഷിച്ച് ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള ഓട്ടത്തിലാണ്. ഇവര്‍ യുദ്ധമുഖത്തുനിന്നും നീതി തേടുന്ന ഗാസയുടെ ഇരകളാണ്. പതിനായിരക്കണക്കിന് ആളുകളുടെ പ്രതിനിധികളാണ്…
2.4 ദശലക്ഷം ആളുകള്‍ വസിക്കുന്ന ഗാസ മുനമ്പ് വടക്ക് നിന്ന് തെക്ക് വരെ തകര്‍ന്നടിയുകയാണ്. യുഎന്‍ കണക്കുകള്‍ പ്രകാരം, പോരാട്ടം 1.9 ദശലക്ഷം പലസ്തീനികളെ നാടുകടത്താന്‍ കാരണമായെന്നു സൂചിപ്പിക്കുന്നു.
ഗാസയില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയതില്‍ കുറഞ്ഞത് 21,110 പേര്‍ ഉള്‍പ്പെടുന്നു. ഗാസയുടെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കനുസരിച്ച്, അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളും കുട്ടികളുമാണ്.










