
ജറുസലം: പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ നരക സമാന ജീവിതം നയിക്കുന്നത് പതിനായിരങ്ങള്‍. തീ തിപ്പുന്ന ഷെല്ലുകള്‍ക്ക് ഇടയിലൂടെ രക്ഷപ്പെടാൻ കൂട്ടപ്പാലായനം നടത്തുകയാണ് ഗാസയിലെ സാധാരണക്കാര്‍. 24 മണിക്കൂറിനുള്ളില്‍ ഗാസ വിടാൻ ഇസ്രയേല്‍ അന്ത്യ ശാസനം നല്‍കിയിരിക്കെ കുഞ്ഞുങ്ങളെയും എടുത്ത് പതിനായിരക്കണക്കിന് പലസ്തീനികള്‍ പാലായനം ചെയ്യുകയാണ്. ചെറു വാഹനങ്ങളില്‍ മനുഷ്യരെ മൃഗങ്ങളെപ്പോലെ കുത്തിനിറച്ചു കൊണ്ടുപോകുന്ന കാഴ്ചയാണ് എവിടെയും.
ഗാസയില്‍ വൈദ്യുതിയില്ല. പലയിടത്തും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടു തുടങ്ങി. ആവശ്യത്തിന് മരുന്നോ സൗകര്യങ്ങളോ ഇല്ലാതെ ആശുപത്രികളും വന്‍ പ്രതിസന്ധിയിലാണ്. ഗാസയില്‍ 3000 ല്‍ ഏറെ ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ .
ഇസ്രയേല്‍ കരയാക്രമണം ഉടൻ തുടങ്ങുമെന്ന ഭീതിയിലാണ് ഗാസ നിവാസികള്‍. ഗാസയിലെ സ്ഥിതി അത്യന്തം മോശമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അൻ്റോണിയോ ഗുട്ടറസ് പറഞ്ഞു. ഗാസയില്‍ ഇന്ധവും വെള്ളവും ഭക്ഷണവും എത്തിക്കണമെന്നും യുദ്ധത്തില്‍ പോലും നിയമ വ്യവസ്ഥ ഉണ്ടെന്ന് മറുന്നു പോകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ആശുപത്രികള്‍ക്ക് സഹായം എത്തിക്കണമെന്ന് പലസ്തീൻ അതോറിറ്റി അഭ്യര്‍ഥിച്ചു. ആശുപത്രികളില്‍ മൃതദേഹം സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥായാണ്. ആയിരങ്ങളാണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് . 24 മണിക്കൂറിനുള്ളില്‍ ഇവരെ മാറ്റാൻ സാധിക്കില്ല എന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചു വീണാലും ഗാസ നിവാസികള്‍ ഇവിടം വിട്ട് പോകില്ലെന്ന് ഹമാസ് പറഞ്ഞു.
Gaza is like a prison, people flee border areas













