
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള നാല് ദിവസത്തെ വെടിനിർത്തൽ ഒരു ചെറിയ ഇടവേള മാത്രമാണെന്നും കുറഞ്ഞത് രണ്ട് മാസത്തേക്കെങ്കിലും യുദ്ധം നീണ്ടു നിൽക്കുമെന്നും വിദഗ്ധർ പറയുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഹമാസുമായുള്ള “ഹ്രസ്വമായ” താൽക്കാലിക ഉടമ്പടി അവസാനിച്ചുകഴിഞ്ഞാൽ, പഴയ തീവ്രതയോടെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച പറഞ്ഞു. ആക്രമണത്തിന്റെ തീവ്രത ഈ ദിവസങ്ങളിൽ കുറയുമെങ്കിലും യുദ്ധം ചുരുങ്ങിയത് രണ്ടുമാസം കൂടി തുടരുമെന്നാണ് ഗാലന്റ് അറിയിച്ചത്.
“വരാനിരിക്കുന്ന ദിവസങ്ങളിൽ നിങ്ങൾ ആദ്യം കാണുന്നത് ബന്ദികളുടെ മോചനമാണ്. ഈ വെടിനിർത്തൽ ഹ്രസ്വമായിരിക്കും,” നാവികസേനയുടെ ഷായെറ്റെറ്റ് 13 എലൈറ്റ് കമാൻഡോ യൂണിറ്റിലെ സൈനികരോട് ഗാലന്റ് പറഞ്ഞു. ആക്രമണത്തിന് മൂർച്ച കൂട്ടാനുള്ള അവസരമായി വെടിനിർത്തൽ മാറ്റാനും ഇസ്രായേൽ സേനക്ക് നിർദേശം ലഭിച്ചുകഴിഞ്ഞു. കൂടുതൽ ആയുധങ്ങൾ സംഭരിക്കുക, കരുത്താർജിക്കുക, യുദ്ധം പൂർവാധികം ശക്തിയോടെ തുടരുക എന്നാണ് ഇസ്രായേലിന്റെ നയം. പലസ്തീനികൾക്കെതിരെ സമ്പൂർണ വിജയമാണ് ലക്ഷ്യമെന്നും ഗാലന്റ് സൂചിപ്പിച്ചു.














