
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. പാർലമെന്റും പ്രവിശ്യ നിയമസഭകളും പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതി ബാര്‍ അസോസിയേഷന്, പാകിസ്താന് തഹ്രീകെ ഇന്‍സാഫ് പാർട്ടി (പി.ടി.ഐ), മുനീര്‍ അഹമ്മദ്, ഇബാദുര്‍റഹ്മാന്‍ എന്നിവരാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഖാസി ഫായിസ് ഈസ, ജസ്റ്റിസ് അമീനുദ്ദീൻ ഖാൻ, ജസ്റ്റിസ് അത്തർ മിനല്ലാഹ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തീയതി പ്രഖ്യാപിക്കാതെ നേരത്തേ കമീഷൻ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ആരിഫ് ആൽവിയുമായി ചർച്ച നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ സിക്കന്ദർ സുൽത്താൻ രാജ കോടതിയെ അറിയിച്ചു. നവംബർ ആറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിച്ച് സെപ്റ്റംബർ 13ന് ചീഫ് ഇലക്ഷൻ കമീഷണർ സിക്കന്ദർ സുൽത്താൻ രാജക്ക് രാഷ്ട്രപതി ആൽവി കത്തയച്ചിരുന്നു.