
ജീവിതത്തെ പ്രതീക്ഷയും വിശ്വാസവും ഒരു ചെറു പുഞ്ചിരിയും കൊണ്ട് നേരിടുക. അത്രയെളുപ്പം മനുഷ്യര്‍ക്ക് സാദ്ധ്യമായ ഒന്നല്ല. ജോര്‍ജ് പണിക്കരുടെ ജീവിതത്തെ വിലയിരുത്തുമ്പോള്‍ സ്നേഹവും ആത്മവിശ്വാസവും എങ്ങനെയാണ് ഒരു ജീവിതത്തെയും ചുറ്റുപാടുകളെയും രൂപപ്പെടുത്തുന്നതെന്ന് കാണാം. ക്ഷമയോടെ, കാരുണ്യത്തോടെ, സഹാനുഭൂതിയോടെ ലോകത്തെ ഉറ്റുനോക്കുന്ന അദ്ദേഹം സാമൂഹികപ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് മറ്റുള്ളവര്‍ക്ക് ചുറ്റും പ്രത്യാശാവലയം സൃഷ്ടിക്കുന്നത്. ഉറച്ചുള്ള വിശ്വാസം മതി മുന്നോട്ടുള്ള പാത രൂപപ്പെടുത്താനെന്ന് അദ്ദേഹം അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഫെഡറേഷന്‍ ഒഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന അദ്ദേഹത്തിന് ആ വഴിയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും പാതയാണ്.
അസാധാരണ മനസും കര്‍മ്മമേഖലയോടുള്ള താത്പര്യവും ഉണ്ടെങ്കില്‍ മാത്രമേ അതില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. നമുക്ക് ലഭിക്കുന്ന സമയത്തെ ഏറ്റവും വിജയകരമായി വിനിമയം ചെയ്യുന്ന എന്നതു കൂടി ഒരു നേതാവ് അറിഞ്ഞിരിക്കണം. അതോടൊപ്പം ആകാശത്തിലിരിക്കുമ്പോഴും മണ്ണിനെ അറിയുന്ന മനസും ലാളിത്യവും സത്യസന്ധതയും മറ്റുള്ളവരെ തന്നിലൊരാളായി കാണാനുള്ള നീതിബോധവും ഉണ്ടായിരിക്കണം. വ്യത്യസ്തമായ ജീവിതത്തിലൂടെ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തുന്ന ജോര്‍ജ് പണിക്കര്‍ എന്ന മനുഷ്യനെ മനസിലാക്കാം. സമൂഹത്തോടൊപ്പം എന്നതാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. അതിനുമപ്പുറം മറ്റൊന്നും തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. ഹൃദയബന്ധങ്ങളണ് ഭൂമിയില്‍ മനുഷ്യന് ഏറ്റവുമധികം വേണ്ടതെന്നാണ് ജോര്‍ജ് പണിക്കര്‍ വിശ്വസിക്കുന്നത്. പരിചയപ്പെടുന്നവരില്‍ ഏറ്റവും അടുപ്പം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു എന്നതില്‍ അതിശോക്തിയില്ല, കാരണം അവിടെ സ്നേഹത്തിന്റെ മാന്ത്രികതയാണ് പ്രകടമാകുന്നത്.
ജോര്‍ജ് പണിക്കര്‍ കടന്നു വന്ന വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ എങ്ങനെ ഒരു നേതാവ് ഉയര്‍ന്നു വരുന്നു എന്നതിന്റെ കൃത്യമായ പാത നമുക്ക് കണ്ടറിയാന്‍ സാധിക്കും. എല്ലാവര്‍ക്കും പ്രചോദനപാഠങ്ങള്‍ നല്‍കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒന്നു സഞ്ചരിച്ച് വരാം.
പ്രതീക്ഷയോടെ മത്സരം
2024 ജൂണ്‍ 18 നാണ് ഫൊക്കാന ഇലക്ഷന്‍. ഇതുവരെയുള്ള സാമൂഹ്യജീവിതം തന്നെയാണ് തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത്. പ്രിയപ്പെട്ടവരുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇപ്പോള്‍ മത്സരിക്കുന്നത്. പരിചയമുള്ളവരെ വിളിച്ച് ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിലപ്പുറം നമ്മുടെ ജീവിതമായിരിക്കണം മറ്റുള്ളവര്‍ കാണേണ്ടത് എന്ന ചിന്താഗതിക്കാരന്‍ കൂടിയാണ് അദ്ദേഹം. ഫൊക്കാനയില്‍ രജിസ്റ്റര്‍ ചെയ്ത അസോസിയേഷനുകളുടെ പ്രതിനിധികളായെത്തുന്ന ഡെലിഗേറ്റുകളാണ് വോട്ട് ചെയ്യുന്നത്. നിരവധി വര്‍ഷങ്ങളിലായി സാമൂഹ്യ, സാംസ്‌കാരി, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ് ഈ സംഘടനയുടെ സ്ഥാനം.
1989 ല്‍ ചിക്കാഗോയില്‍ നടന്ന രണ്ടാമത് ഫൊക്കാന കണ്‍വന്‍ഷന്‍ മുതല്‍ ജോര്‍ജ് പണിക്കര്‍ ഫൊക്കാനയുടെ ജീവശ്വാസമായി ഉണ്ട്. ഫൊക്കാനയുടെ ഏതാണ്ട് എല്ലാ കണ്‍വെന്‍ഷന്റെയും ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. 2022-2023 ഫൊക്കാന ഭരണസമിതിയില്‍ അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍, ചിക്കാഗോയില്‍ നിന്നുള്ള പ്രമുഖ തലമുതിര്‍ന്ന നേതാവ് എന്നിങ്ങനെ . ഇത്തവണത്തെ ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള അതിഥിയായി എത്തിയ വേദിയില്‍ ജോര്‍ജ് പണിക്കര്‍ തിളങ്ങി. ഫൊക്കാന കേരള കണ്‍വന്‍ഷന്‍ വിജയിച്ചത് അഭിമാനമായി.
2001-2002, 2018-2020 കാലഘട്ടങ്ങളില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. അതിനുപുറമേ അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളും വഹിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു. എസ്. എയുടെ ചിക്കാഗോ മേഖല പ്രഥമ വൈസ് പ്രസിഡന്റുമായിരുന്നു. ഏതുപദവിയിലും ആളുകളുമായി അഭേദ്യമായ ഒരു ബന്ധം അദ്ദേഹം കാത്തു സൂക്ഷിക്കും. മലയാളികള്‍ക്കിടയില്‍ സ്വന്തം നാട്ടിലെത്തിയതുപോലെ, അത്ര അടുപ്പം തോന്നുന്ന രീതിയിലായിരുന്നു ആ ഇടപെടല്‍. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെല്ലാം അറിയപ്പെടുന്ന നേതാവ് കൂടിയായ അദ്ദേഹത്തെ ഏത് സഹായത്തിനും ധൈര്യമായി വിളിക്കാം.
നേതാവ് എന്ന നിലയിലുള്ള പദവി എല്ലാവരെയും ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയിലാണ് ജോര്‍ജ് പണിക്കര്‍ കൈകാര്യം ചെയ്തത്. അതല്ലാതെ അധികാരത്തിന്റെ ഒരുപകരണമായല്ല എന്നതാണ് ഏത് ആള്‍ക്കൂട്ടത്തിലും സുപരിചിതനാകാന്‍ അദ്ദേഹത്തിന് കഴിയുന്നതിന്റെ രഹസ്യം.
ദേശീയതലത്തില്‍ തന്നെയുള്ള ട്രേഡ് യൂണിയന്‍ നേതാവാകാന്‍ കഴിഞ്ഞതും മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് എടുത്തു പറയാം. ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളെല്ലാം തന്നെ സ്വന്തമാക്കിയത് അമേരിക്കന്‍ മണ്ണില്‍ നിന്നാണെന്നതും യാദൃച്ഛികമല്ല. അത്രമാത്രം തന്റെ പ്രവര്‍ത്തനവലയത്തിലൂടെ ഈ നാടുമായി അദ്ദേഹം ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. അത്രയ്ക്കും ഹൃദയബന്ധമുണ്ട് ജോര്‍ജ് പണിക്കരും അമേരിക്കയും തമ്മില്‍.
സഭയ്ക്കൊപ്പം നടന്ന സഞ്ചാരപാത
യു.എസ് പോസ്റ്റല്‍ സര്‍വീസിലായിരുന്നു ജോര്‍ജ് പണിക്കര്‍ ജോലി ചെയ്തത്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിടുന്നതിന് മുമ്പേ സജീവ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. കുണ്ടറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ അംഗമെന്ന നിലയില്‍ ഇതിനകം തന്നെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തിലെ വൈദികരും വൈദിക ശ്രേഷ്ഠരുമായ മുത്തച്ഛന്‍ പരേതനായ ഫാ. ഗീവര്‍ഗീസ് പണിക്കര്‍, മുന്‍ മദ്രാസ് ദഭ്രാസനാധിപന്‍ പരേതനായ സക്കറിയാസ് മാര്‍ ദിവന്നാസിയോസ്, കോട്ടയം ദഭ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ് കോറോസ് എന്നിവരുടെ ജീവിതം പല രീതിയില്‍ പ്രചോദനാത്മകമായി ഉള്‍ക്കൊണ്ടുള്ള ജീവിതമായിരുന്നു പണിക്കരുടേത്. കുണ്ടറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളി യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന കാലം മുതലേ നേതൃത്വപാടവം കാണിച്ചിരുന്നു. 1970 കളുടെ തുടക്കത്തില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്മെന്റ് (MGOCSM) സ്ഥാപിച്ചതും തിരിഞ്ഞു നോക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം മാത്രം സമ്മാനിക്കുന്ന ഓര്‍മ്മയാണ്. അമേരിക്കയിലെത്തിയപ്പോഴും ജീവിതത്തിന് ലക്ഷ്യബോധം സമ്മാനിച്ച ആത്മീയ ജീവിതം മറന്നില്ല അദ്ദേഹം. 2007-2012 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന കൗണ്‍സില്‍ അംഗം, 2007- 2017 വരെ മലങ്കര അസോസിയേഷന്‍ അംഗം എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. ഇല്ലിനോയി എല്‍മസ്റ്റ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ജോര്‍ജ് പണിക്കര്‍ പള്ളിയുടെ സെക്രട്ടറിയായും മാനേജിംഗ് കമ്മിറ്റി അംഗമായും നീണ്ട വര്‍ഷങ്ങള്‍ സേവനം കാഴ്ചവച്ചു. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മെമ്പര്‍, സെക്രട്ടറി, ഫാമിലി നൈറ്റ് കണ്‍വീനര്‍, ക്രിസ്തുമസ് ആഘോഷ കമ്മിറ്റി കണ്‍വീനര്‍, ബാസ്‌ക്കറ്റ് ബോള്‍ കണ്‍വീനര്‍ എന്നീ മേഖലകളിലെല്ലാം അദ്ദേഹം തന്റെ സംഘടനാപാടവത്തിന്റെ തിളക്കം കൂട്ടി.
1998 മുതല്‍ 2007 വരെ നീണ്ട ഒമ്പതുവര്‍ഷങ്ങള്‍ അമേരിക്കന്‍ പോസ്റ്റല്‍ വര്‍ക്കേഴ്സ് യൂണിയന്റെ പ്രഥമ ഇന്ത്യന്‍ വംശജനായ യൂണിയന്‍ സ്റ്റിയുവാര്‍ഡ് ആയിരുന്നു. ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യന്‍ പോസ്റ്റല്‍ എപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ്, മലയാളികളായ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ സംഘടനയായ ഫെഡറല്‍ എംപ്ലേീസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇല്ലിനോയ് മുന്‍ഗവര്‍ണര്‍ പാറ്റ് ക്യുനിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട രണ്ടുമലയാളികളില്‍ ഒരാള്‍ കൂടിയായിരുന്നു. പിന്നിട്ടവഴികളില്‍ എളിമയാണ് മനുഷ്യനെ നിലനിറുത്തുന്നതെന്ന പാഠമാണ് അദ്ദേഹം പിന്തുടരുന്നത്. തന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ നേതാക്കളുടെയും വിശിഷ്ട വ്യക്തികളുടെയും തൊട്ടടുത്ത് നിന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം കവര്‍ന്ന് ബന്ധു കൂടിയായ മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹം ആളുകള്‍ക്കിടയില്‍ അവരിലൊരാളായി അലിഞ്ഞു ചേരുന്നത് എപ്പോഴും അത്ഭുതത്തോടെ നോക്കി നിന്ന ജോര്‍ജ് പണിക്കര്‍ക്ക് ആ ജീവിതം സമ്മാനിച്ച തിരിച്ചറിവും ആ ഒന്നാകല്‍ തന്നെയാണ്.
പ്രളയഭൂമിയെ ചേര്‍ത്തണച്ച്
മനുഷ്യന്റെ നിസ്സഹായാവസ്ഥ ഏറ്റവും നന്നായി മനസിലാക്കി ഒട്ടേറെ സഹായപദ്ധതികള്‍ വേദനിക്കുന്നവര്‍ക്കായി ആരംഭിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഏറ്റവും വലിയ പുണ്യമെന്നതാണ് അന്നും ഇന്നും അദ്ദേഹം വിശ്വസിക്കുന്നത്. അതിനുള്ള ഓരോ അവസരമെത്തുമ്പോഴും പ്രാര്‍ത്ഥനകളും പ്രതീക്ഷകളും അവയ്ക്കായി നല്‍കുന്നു. സഹായം തേടുന്നിടത്ത് ഒരിക്കല്‍ പോലും ആ സഹായം എത്താതിരുന്നിട്ടില്ല എന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ട്. ഇല്ലിനോയ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നപ്പോഴായിരുന്നു കേരളം പകച്ചു പോയ പ്രളയകാലം. അന്ന് പിറന്നനാടിന് വേണ്ടി 25 ലക്ഷം രൂപയാണ് സമാഹരിച്ചത്. അതോടൊപ്പം വിവിധ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തുകയും ചെയ്തു. ഏറ്റവും ആവശ്യമുള്ള കുടുംബങ്ങളിലേക്ക് ഈ സഹായം എത്തുന്നതിനായി ബദ്ധശ്രദ്ധയും അദ്ദേഹം പുലര്‍ത്തി. ഈ ഏകോപനമികവിന് അമേരിക്കന്‍ മലയാളികള്‍ നിറഞ്ഞ മനസോടെയാണ് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ആരും ആവശ്യപ്പെടാതെ തന്നെയായിരുന്നു സഹായസമാഹരണത്തിലേക്ക് ജോര്‍ജ് പണിക്കര്‍ നീങ്ങിയത്. അതിനൊപ്പം മലയാളികളുടെ മനസും കൂടിയായപ്പോള്‍ അകലങ്ങളില്‍ നിന്നും സ്നേഹവും കാരുണ്യവും പ്രാര്‍ത്ഥനയും പിറന്നനാട്ടിലേക്ക് പ്രവഹിച്ചു.
ബിസിനസ് രംഗത്തും അഭിമാനത്തിളക്കം
ഇത്രയേറെ തിരക്കുകള്‍ക്കിടയില്‍ എങ്ങനെ ഒരു ബിസിനസ് വിജയിപ്പിക്കാം. പലരും ജോര്‍ജ് പണിക്കരോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന എല്ലാകാര്യങ്ങളിലും മനസ് അര്‍പ്പിക്കുക, വിജയം പിന്നാലെ വരും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാല്‍നൂറ്റാണ്ടോളം ഒരു ഗ്യാസ് സ്റ്റേഷന്‍ മികച്ച രീതിയില്‍ അദ്ദേഹം നടത്തി. അതോടൊപ്പം 1989 മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വന്തം പേര് വിജയകരമായി എഴുതി ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനെല്ലാമപ്പുറം അദ്ദേഹത്തിന് ജീവിതസാഫല്യമായത് ഒട്ടേറെ വ്യക്തികളെ ഈ മേഖകളിലേക്ക് കൈപിടിച്ചു കൊണ്ടു വരാന്‍ സാധിച്ചു എന്നതിലാണ്. അതില്‍ ഏറെ അഭിമാനിക്കുന്നുമുണ്ട് അദ്ദേഹം. താന്‍ കടന്നുവന്ന വഴികള്‍ പഠിപ്പിച്ച പാഠങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാനും ഒരിക്കലും മടിച്ചിട്ടില്ല.
പൈതൃകവഴിയിലെ പുണ്യമാണ് ഊര്‍ജ്ജം
പൈതൃകവഴികള്‍ പാരമ്പര്യം കൊണ്ട് തന്നെ അനുഗ്രഹിച്ചിട്ടുണ്ട് ജോര്‍ജ് പണിക്കരെ. കൊല്ലം കുണ്ടറയില്‍ തെക്കേപ്പുരയില്‍ നൈനാന്‍ പണിക്കരുടെയും പുത്തൂര്‍ മുള്ളിക്കാട്ടില്‍ തങ്കമ്മ പണിക്കരുടെയും മകനായി ജനിച്ച അദ്ദേഹം എസ്.കെ.വി പ്രൈമറി എല്‍.പി സ്‌കൂളിലാണ് ആദ്യം പഠിച്ചത്. പിന്നീട് എം.ജി.ഡി ഹൈസ്‌കൂളില്‍ പഠിച്ചു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും സോഷ്യാളജിയില്‍ ബിരുദാനന്തരബിരുദവും നേടി. പഠനകാലയളവില്‍ അടിയുറച്ച കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. പഠനശേഷം ഒരു വര്‍ഷത്തോളം ബാംഗ്ളൂരിലെ കോളേജില്‍ അധ്യാപകനായിരുന്നു. പിന്നീട് സൗദി എയര്‍ലൈന്‍സില്‍ നാലുവര്‍ഷത്തോളം ജോലി ചെയ്തു. അമ്മയുടെ സംഗീതപാരമ്പര്യത്തെ പിന്തുടര്‍ന്നിരുന്നു അദ്ദേഹം. കുണ്ടറ ജോര്‍ജു കുട്ടി, തിരുവനന്തപുരം മനോഹര്‍ എന്നീ ഗുരുക്കന്‍മാരായിരുന്നു പാട്ട് പഠിപ്പിച്ചത്. വിവിധ സംഘടനകള്‍ ജീവകാരുണ്യമേഖലയില്‍ സാമ്പത്തിക സഹായം സ്വരൂപിക്കാനായി നടത്തുന്ന ഗാനമേളകളില്‍ അദ്ദേഹം സൗജന്യമായി പാടാറുണ്ട്. ചിക്കാഗോ മലയാളികള്‍ക്കിടയിലും ഗായകന്‍ എന്ന നിലയില്‍ ജോര്‍ജ് പണിക്കര്‍ ചിരപരിചിതനാണ്.
കൂടെയുള്ള കുടുംബം
തന്റെ വഴികളിലെന്നും പ്രാര്‍ത്ഥനയും പിന്തുണയുമായി നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ ജോര്‍ജ് പണിക്കരുടെ ഏറ്റവും വലിയ ഭാഗ്യമാണ്. ഡയറക്ടര്‍ ഒഫ് നഴ്സിംഗ് പദവിയില്‍ നിന്നും വിരമിച്ച ഭാര്യ മിനിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. എല്ലായ്പ്പോഴും അദ്ദേഹത്തിനൊപ്പം തന്നെ അവരെല്ലാവരും ചേര്‍ന്നു നില്‍ക്കുന്നു. പിതാവിന്റെ പൊതുപ്രവര്‍ത്തനപാരമ്പര്യവും സംഗീത സമ്പാദ്യവും ഏറ്റവും വിലപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ കരുതുന്നത്. മക്കള്‍ ജോമിന്‍ പണിക്കര്‍ ( പ്രമുഖ ഐ.ടി കമ്പനി സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ്), ജെസ്ലിന്‍ പണിക്കര്‍ സക്കറിയ (കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി), മരുമക്കള്‍ ഡോ. സിയ പണിക്കര്‍ (പീഡിയാട്രീഷ്യന്‍), ഡോ. റിജോയ് സക്കറിയ (ഇന്റേണല്‍ മെഡിസിന്‍) എന്നിവരും ജോര്‍ജിന്റെ വഴികളില്‍ പ്രകാശമായി നിറയുന്നു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തിരിച്ചറിവിന്റെയും മനസിലാക്കലിന്റെയും പങ്കുചേരലോടെ അവരില്ലായിരുന്നെങ്കില്‍ ഇത്രമേല്‍ സാര്‍ത്ഥകമായി തന്റെ പൊതുജീവിതം മാറുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.















