ഗാസിയാബാദ്: ഉത്തർപ്രദേശില്‍ പേവിഷബാധയേറ്റ് 14 വയസുകാരന് ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷഹവാസാണ് മരണപ്പെട്ടത്. വിജയ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചരൺ സിംഗ് കോളനി നിവാസിയായ ഷഹവാസിനെ ഒന്നര മാസം മുമ്പാണ് അയൽവാസിയുടെ നായ കടിച്ചത്. എന്നാല്‍ ഈ വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചില്ല.
പിന്നീട് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെയാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. സെപ്റ്റംബർ ഒന്നോടെ കുട്ടി ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും നിർത്തി. ഇതേതുടർന്ന് അന്വേഷിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ചെന്ന് കുട്ടി വെളിപ്പെടുത്തിയത്.
ഡൽഹിയിലെ പല സർക്കാർ ആശുപത്രികളിലും കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയി. ബുലന്ദ്ഷഹറിൽ നിന്ന് ഗാസിയാബാദിലേക്ക് ആംബുലൻസിൽ തിരികെ കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടി മരണപ്പെട്ടത്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും നായയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും കോട്വാലി സോൺ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ അറിയിച്ചു.