‘സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയണം’; മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ഷെഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്‌. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവർ വിവാഹം കഴിക്കുമെന്നും സമസ്ത നേതാവ് നാസർഫൈസി കൂടത്തായിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം, ഡോക്ടര്‍ ഷെഹനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ മുതല്‍ ഒളിവില്‍ പോയിരുന്ന ഇയാളെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ കസ്റ്റഡിയിലെടുത്ത റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.

ഷെഹനയ്ക്ക് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്ത്രീധനമായി വലിയ തുക ആവശ്യപ്പെട്ട് റുവൈസും കുടുംബവും രംഗത്തെത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഉയര്‍ന്ന സ്ത്രീധനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ റുവൈസ് വിവാഹത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമ്പത്തികമായി ഞെരുക്കം അനുഭവിച്ച ഷെഹനയുടെ കുടുംബത്തിന് റുവൈസിന്റെ തീരുമാനം കനത്ത പ്രഹരമാണ് നല്‍കിയത്.

15 ഏക്കര്‍ ഭൂമിയും 150 പവന്‍ സ്വര്‍ണവം ഒരു ബിഎംഡബ്‌ളിയു കാറും ഇയാള്‍ സ്ത്രീധനമായി ആവശ്യപ്പെട്ടു എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. അഞ്ചേക്കര്‍ ഭൂമിയും കാറും നല്‍കാമെന്ന് പറഞ്ഞിട്ടും വരന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല, കാറിന്റെ ബ്രാന്‍ഡിന്റെ കാര്യത്തിലും നിര്‍ബന്ധം പിടിച്ചു. സ്വര്‍ണം വേണമെന്നും ആവശ്യപ്പെട്ടതായി ഷെഹനയുടെ അമ്മ പരാതിപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide