‘ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കി, ഗോഡ്സെ കൊടിയ പാപി’: പി.എസ് ശ്രീധരൻ പിള്ള

കൊല്ലം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു എന്ന് ഗോവ ഗവർണറും ബിജെപി നേതാവുമായ പി.എസ് ശ്രീധരൻ പിള്ള. കൊല്ലത്ത് വെളിയം രാജീവിന്റെ ‘ഗാന്ധി വെഴ്സസ് ഗോഡ്സെ’ എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച നാലാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി. ലോകമുള്ളിടത്തോളം ഗാന്ധിയുടെ പ്രത്യയ ശാസ്ത്രം നിലനിൽക്കും. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടെന്നും പുസ്തകം പ്രകാശനം ചെയ്യവേ ശ്രീധരൻ പിള്ള പറഞ്ഞു.

ഗാന്ധി വധത്തിൽ ആർഎസ് എസിന് പങ്കില്ലെന്ന് കണ്ടത്തിയ കപൂർ കമ്മീഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ലെന്ന് പറഞ്ഞ ശ്രീധരൻ പിള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമായിരുന്നെന്നും സ്വന്തം തത്വത്തിൽ വെള്ളം ചേർത്തിട്ടില്ലാത്ത വ്യക്തിയാണ് ഗാന്ധിയെന്നും കൂട്ടിച്ചേർത്തു.