കരുവന്നൂര്‍ കള്ളപ്പണക്കേസ്; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണക്കേസില്‍ പ്രതികളുമായി നടത്തിയ നാലു കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ച് ഇന്നു രാവിലെ മുതലാണ് ചോദ്യം ചെയ്യാനാരംഭിച്ചത്.

ബാങ്കിലെ ഡെയ്ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ഇഡി ചോദ്യം ചെയ്യുന്നത്. രാവിലെ മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ച കഴിഞ്ഞും തുടരുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗോകുലം ഗോപാലന് ഇഡി നേരത്തേ സമന്‍സ് അയച്ചിരുന്നു.

കരുവന്നൂര്‍ സഹകരണബാങ്കിലെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായ നാല് പേര്‍ ഉള്‍പ്പടെ അന്‍പതിലേറെ പ്രതികളെ ഉള്‍പ്പെടുത്തി 12,000 ത്തോളം പേജുകള്‍ വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ ഒന്നാംപ്രതി സതീഷ്‌കുമാറിന്റേയും രണ്ടാംപ്രതി പി പി കിരണിന്റേയും അറസ്റ്റ് സെപ്റ്റംബര്‍ 4നാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 26ന് സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനും കരുവന്നൂര്‍ ബാങ്കിലെ മുന്‍ അക്കൗണ്ടന്റും അറസ്റ്റിലായി.