
കൊച്ചി ; കേരളത്തിൽ മുഴുവൻ കോളിളക്കം സൃഷ്ടിച്ച, നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് കമ്മിഷ്ണർ രാജേന്ദ്രകുമാറിൻ്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥർ അടക്കം 44 പ്രതികളുണ്ട് കേസിൽ. പി.എസ്. സരിത്, സന്ദീപ് നായർ, കെ.ടി. റമീസ്, യുഎഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി തുടങ്ങിയവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം.എല്ലാവർക്കുമായി 66.60 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.
2020 ജൂലൈ 5ന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്ന് 30.245 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിലാണ് കസ്റ്റംസിൻ്റെ നടപടി. ഇതേ സംഘം നയതന്ത്ര ബാഗേജ് വഴി 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 136. 828 കിലോ സ്വർണം കടത്തിയെന്ന് സാഹചര്യത്തെളിവുകൾ വഴി വ്യക്തമാണെന്നും ഉത്തരവിൽ ഉണ്ട്.
ഏതാണ്ട് 167.03 കിലോഗ്രാം സ്വർണം കടത്തിയെന്നും ശിവശങ്കർ ഇതിൽ പങ്കാളിയാണെന്നും ഉത്തരവിലുണ്ട്. സ്വപ്നയുമായി ശിവശങ്കറിന് നല്ല ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിലെ വിവരങ്ങൾ സ്വപ്ന ഇയാളോട് പറഞ്ഞിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കറിന് പണമിടപാടുകളുമുണ്ടായിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിന് കള്ളക്കടത്ത് സംഘത്തിന്റെ ഇടപാടുകൾ മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല എന്ന് ഉത്തരവിൽ പറയുന്നു.
95.33 കിലോ സ്വർണം കടത്തിയതിൽ യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്കും 71.74 കിലോ സ്വർണം കൊണ്ടുവന്നതിൽ മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയിക്കും പങ്കുണ്ട്. രണ്ടുപേർക്കും വിദേശകാര്യ മന്ത്രാലയം വഴി കാരണംകാണിക്കൽ നോട്ടിസ് അയച്ചെങ്കിലും യുഎഇ എംബസി അത് നിരസിച്ചു. കള്ളക്കടത്ത് നടത്തിയവർക്ക് നയതന്ത്ര പരിരക്ഷ ഇല്ല. അതിനാൽ ഇരുവരും പിഴയടക്കണമെന്നും ഉത്തരവിലുണ്ട്.
യുഎഇ മുൻ കോൺസൽ ജനറൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പല തവണകൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇരുവരുടേയും വീടുകളിലാണ് കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ മന്ത്രാലയമോ സംസ്ഥാനത്തെ പ്രോട്ടോകോൾ ഓഫിസറോ ഈ കൂടിക്കാഴ്ചകളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇത് നയതന്ത്ര പ്രോട്ടോകോൾ ലംഘനമാണെന്ന് കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.
കസ്റ്റംസ് കമ്മിഷ്ണറുടെ ഉത്തരവിനെതിരെ പ്രതികൾക്ക് കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. ഇതേ കേസ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണ്.
Gold Smuggling case; Rs 6 crore fine for Swapna Suresh and 50 lakh for Shivashankar by Customs















