സ്‌പെഷ്യല്‍ ഡൂഡില്‍ ഒരുക്കി 25ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍

25ാം ജന്മദിനം ആഘോഷിച്ച് സെര്‍ച്ച് ഭീമനായ ഗൂഗിള്‍. ഒരു സ്‌പെഷ്യല്‍ ഡൂഡിലുമായാണ് ഗൂഗിള്‍ 25-ാം ജന്മദിനം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്റെ വാര്‍ഷികം. എന്നാല്‍ ഒരു ദശാബ്ദത്തിലേറെയായി കമ്പനി അതിന്റെ ജന്മദിനം സെപ്റ്റംബര്‍ 27-ന് ആഘോഷിച്ചു വരികയാണ്. ഗൂഗിള്‍ എന്നെഴുതിയ ലെറ്ററുകള്‍ക്ക് നടുവില്‍ 25 എന്ന അക്കം ക്രമീകരിച്ചുകൊണ്ടാണ് സ്‌പെഷ്യല്‍ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്.

1990-കളുടെ അവസാനത്തില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിച്ചത്. വേള്‍ഡ് വൈഡ് വെബിനെ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന സ്ഥലമാക്കി മാറ്റാന്‍ സമാനമായ ഒരു കാഴ്ചപ്പാടാണ് ഇരുവരും ചേര്‍ന്ന് പരീക്ഷിച്ചത്. പ്രൊജക്ട് വിജയത്തിലേക്കെത്തിത്തുടങ്ങിയപ്പോള്‍ അവര്‍ വാടകക്കെടുത്ത മുറിയിലേക്ക്, ഗൂഗിളിന്റെ ആദ്യ ഓഫീസിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റി. 1998 സെപ്റ്റംബര്‍ 27 ന്, Google Inc. ഔദ്യോഗികമായി പിറവിയെടുത്തു.

25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഗൂഗിള്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞുവെന്ന് കമ്പനി പ്രതികരിച്ചു. എന്നാല്‍ വിവരങ്ങള്‍ സംഘടിപ്പിക്കുകയും അത് ലോകത്തെവിടെ നിന്നും സാര്‍വത്രികമായി ആക്‌സസ് ചെയ്യാവുന്നതും ഉപയോഗപ്രദവുമാക്കുകയെന്ന അതിന്റെ ദൗത്യം അതേപടി തുടരുന്നുവെന്നും കമ്പനി പറഞ്ഞു. ഗൂഗിളിന്റെ ഇപ്പോഴത്തെ സിഇഒ സുന്ദര്‍ പിച്ചൈ ആണ്. ഗൂഗിളിന്റെ വിജയത്തിന്റെ ഭാഗമായ ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.