
രാജ്യത്തിന്റെ പേര് ഇന്ത്യ എന്ന് മാറ്റി ‘ഭാരത്’ എന്നാക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടെ, നാവിഗേഷൻ ആപ്പായ ഗൂഗിൾ മാപ്‌സിലും അപ്ഡേറ്റ് വരുത്തിയതായി റിപ്പോർട്ട്. ഗൂഗിള്‍ മാപ്പിന്റെ സെര്‍ച്ചില്‍ ഇന്ത്യ എന്ന് തിരഞ്ഞാൽ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേരിന് പകരം ഭാരത് എന്നാണുള്ളത്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇത്തരത്തിൽ കാണിക്കുന്നത്. ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണെന്നും കുറിച്ചിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് അടക്കമുള്ള മറ്റ് ഭാഷകളിൽ ഇന്ത്യ എന്ന് തിരഞ്ഞാൽ, വരുന്ന മാപ്പിൽ ‘ഇന്ത്യ’ എന്ന് തന്നെയാണ് കാണിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളില്‍ കേന്ദ്രം രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റി കൊണ്ടിരിക്കുന്നിതിനിടെയാണ് ഗൂഗിള്‍ മാപ്പിലും ഇത്തരത്തിലുള്ള മാറ്റം ദൃശ്യമായത്. സെർച്, ട്രാൻസ്ലേറ്റ്, ന്യൂസ് അടക്കമുള്ള മറ്റ് ഗൂഗിൾ ഉൽപ്പന്നങ്ങളിലും ഇതേ മാറ്റങ്ങൾ വരുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഈ മാറ്റം ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി രംഗത്തെത്തിയതും റെയില്‍വേ രേഖകളിൽ വന്ന മാറ്റങ്ങളുമൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു.















