ചെയര്‍മാന്‍ അസ്ഥാനത്ത് വിവരക്കേട് പറയുന്നത് മാത്രമായിരുന്നു മേളയിലെ കല്ലുകടി; രഞ്ജിത്തിനെതിരെ ഭരണസമിതി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്നു താന്‍ രാജി വയ്ക്കേണ്ട ഒരു കാര്യവും നിലവില്‍ ഇല്ലെന്നും അക്കാദമിയില്‍ തനിക്കെതിരെ ഭരണസമിതി അംഗങ്ങളുടെ സമാന്തര യോഗം നടന്നിട്ടില്ലെന്നും ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെ ചെയര്‍മാനെതിരെ പരസ്യമായി രംഗത്തുവന്ന് ഭരണസമിതി. രഞ്ജിത്ത് സ്വയം തിരുത്തുകയോ അല്ലാത്ത പക്ഷം സര്‍ക്കാര്‍ പുറത്താക്കുകയോ ചെയ്യണമെന്ന് ഭരണസമിതി അംഗങ്ങള്‍ ആവര്‍ത്തിച്ചു.

കുക്കുപരമേശ്വരന്‍ കൂട്ടായ്മയില്‍ പങ്കെടുത്തില്ലെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും ഭരണസമിതി പ്രതികരിച്ചു. കൂടിച്ചേര്‍ന്ന് ഇരുന്നവര്‍ എടുത്ത തീരുമാനം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഈ മേളയിലൂടെ രഞ്ജിത്ത് ചെയ്തത്. അക്കാദമിക്കും ചെയര്‍മാനും ആരും എതിരല്ല. ചെയര്‍മാന്‍ കാണിക്കുന്ന വളരെ ബോറായ മാടമ്പിത്തരത്തിനാണ് തങ്ങള്‍ എതിര് നല്‍ക്കുന്നത്. അദ്ദേഹത്തെ മാറ്റണമെന്ന അഭിപ്രായമില്ല. അദ്ദേഹം തിരുത്തണം അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണം. ഇതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. അക്കാദമി സുഗമമായി മുന്നോട്ടുപോകാനാണ് ഇത്തരമൊരു തീരുമാനമെന്നും ഭരണസമിതി അംഗം മനോജ് കാന പറഞ്ഞു.

മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടാണ് ഐഎഫ്എഫ്കെ നടക്കുന്നതെന്നാണ് ചെയര്‍മാന്‍ കരുതുന്നതെന്നും ചലച്ചിത്രമേള വേദിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അംഗങ്ങള്‍ പറഞ്ഞു. ഇത് വരിക്കാശേരി മനയിലെ ലൊക്കേഷനല്ല. ചലച്ചിത്ര അക്കാദമിയാണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. ഇത്രയും മനോഹരമായി നടക്കുന്ന മേളയയില്‍ ഉണ്ടായ ഏക കല്ലുകടി ചെയര്‍മാന്‍ അസ്ഥാനത്ത് വിവരക്കേടും അസംബന്ധങ്ങളും പറയുന്നത് മാത്രമാണ്.

അക്കാദമിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സിനിമ ഒരു കല എന്നനിലയില്‍ വളര്‍ത്തുകയെന്നത്. ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്ന് അക്കാദമിയെ തന്നെ അവഹേല്‍ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. പലരീതിയില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദപൂര്‍വം ശ്രമിച്ചിട്ടുണ്ട്. അതൊന്നും നടന്നിട്ടില്ല. ആര്‍ട്ടിസ്്റ്റുകളെ വളരെ മ്ലേച്ഛമായ രീതിയില്‍ പരിഹസിക്കുന്നതാണ് അദ്ദേഹത്തിന്റെ സമീപനം.

More Stories from this section

family-dental
witywide