
തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി പുനര്‍നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂര്‍ തന്റെ നാടാണെന്ന് പറഞ്ഞുവെന്നും നിയമവിരുദ്ധം എന്ന് അറിഞ്ഞുകൊണ്ടാണ് പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ പറഞ്ഞത്:
”ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴി പറയുന്നത് തെറ്റാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ആദ്യം എന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. കണ്ണൂര്‍ എന്റെ നാടാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യങ്ങള്‍ മുന്നോട്ട് പോകുകയാണ്, സമയമാകുമ്പോള്‍ താങ്കളുടെ അഭിപ്രായവും പരിഗണിക്കാമെന്നു പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയും എന്നെ വന്നു കണ്ടു. നിങ്ങള്‍ മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കാമെന്നു പറഞ്ഞിട്ട് എന്തിനാണ് ഇത്തരത്തില്‍ ഒരു നടപടിക്രമമെന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു നിയമം അനുശാസിക്കുന്നത് അങ്ങനെയാണ്, അതുകൊണ്ടാണെന്ന്. എന്നാല്‍ തങ്ങളുടെ നിയമോപദേശകനായ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞത് ഈ നടപടിക്രമം നിര്‍ത്തിവയ്ക്കാമെന്നാണ്. അവര്‍ അഡ്വക്കറ്റ് ജനറലിന്റെ ഒപ്പില്ലാത്ത ഉത്തരവുമായി വന്നു. ഇതെങ്ങനെ ഞാന്‍ അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവായി എടുക്കുമെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ചു സമയം കൂടി തരാന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ കത്തുമായി വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല. ഇവരാണ് എന്നെ കാണാന്‍ വന്നത്. ഇവരാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായി വന്നത്. ഇത് നിയമവിരുദ്ധമാണെന്നും എന്നാല്‍ നിങ്ങള്‍ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവുമായി വന്നതിനാല്‍ ഞാന്‍ സമ്മതിക്കാമെന്നും അവരോട് പറഞ്ഞു.
തുടര്‍ന്ന് പിറ്റേ ദിവസം തന്നെ താങ്കള്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. നിങ്ങള്‍ മറ്റു കാര്യങ്ങളിലും ഇത്തരത്തില്‍ എന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് ചാന്‍സിലറായി തുടരാന്‍ താല്‍പര്യമില്ലെന്നും ബദലായി മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ സജ്ജീകരിക്കാനും അദ്ദേഹത്തോടെ ആവശ്യപ്പെട്ടു. ചാന്‍സിലറായി തുടര്‍ന്നാല്‍ ഇനിയും ഇത്തരത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നിങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് കത്തെഴുതാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എല്ലാ സമ്മര്‍ദ്ദവും വന്നത് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ്.” എന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഡോ. ഗോപിനാഥ് രവീന്ദ്രനെ വിസിയായി പുനര്‍ നിയമിച്ച ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഗവര്‍ണര്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്നും അത്തരം നിയമനം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിനേയും ഗവര്‍ണറേയും സുപ്രീംകോടതി ഒരുപോലെ വിമര്‍ശിച്ചു.















