എസ്എഫ്ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം; പ്രതിഷേധക്കാരെ എത്തിച്ചത് പൊലീസെന്നും ഗവര്‍ണര്‍

ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തനിക്കു നേരെ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസ് വാഹനത്തിലാണ് സമരക്കാരെ എത്തിച്ചതെന്നും അവരെ തിരികെ കൊണ്ടുപോയത് അതേവാഹനത്തില്‍ തന്നെയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഇന്നലെ രാത്രി മൂന്ന് ഇടങ്ങളിലാണ് തനിക്കെതിരെ ആക്രമണ ശ്രമം ഉണ്ടായത്.

തനിക്കെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അക്രമികള്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുന്ന രീതിയില്‍ പ്രതിഷേധം എത്തിയപ്പോഴാണ് പുറത്തിറങ്ങിയത്. കൊടി കെട്ടിയ വടിയുമായാണ് അവര്‍ വാഹനത്തിന്റെ ചില്ല് അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്. സാധാരണ ഒരു വാഹനമായിരുന്നെങ്കില്‍ അതിന്റെ ചില്ല് തകര്‍ന്നേനെ. തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളതുകൊണ്ടാണ് ചില്ല് തകരാതിരുന്നത്. മൂന്ന് തവണ സമാനമായ രീതിയില്‍ പ്രതിഷേധം ഉണ്ടായപ്പോഴാണ് പുറത്തിറങ്ങിയത്. താന്‍ വാഹനത്തിനകത്ത് ഇരുന്ന് ആക്രമണത്തിന് ഇരയാകണമെന്നായിരുന്നോ മന്ത്രിമാര്‍ പറയുന്നത്? തന്റെ വാഹനത്തിന്റെ റൂട്ട് ചോര്‍ത്തിയത് ആരാണെന്ന് അവര്‍ പറയണം.

തനിക്കെതിരെ ആക്രമസമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പര്യാപ്തമല്ല. അക്രമികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ മുഖ്യമന്ത്രിക്കെതിരെ എടുക്കുന്നത് ഗുരുതരവകുപ്പുകളാണ്. ഡല്‍ഹിയില്‍ നിന്ന് താന്‍ പതിനാറാം തീയതി മടങ്ങിയെത്തിയ ശേഷം കോഴിക്കോട്ടെ പരിപാടിയിലാണ് പങ്കെടുക്കുന്നത്. ആര്‍ക്കും പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. ഇന്നലേത്തതിന് സമാനമായ രീതിയിലാണ് പ്രതിഷേധമെങ്കില്‍ വാഹനത്തിന് പുറത്തിങ്ങും. വാഹനത്തിന് നേരെ ആക്രമണം നടത്തിയാല്‍ തന്നെ ആക്രമിക്കൂ എന്ന് പറയുകയും ചെയ്യും. തനിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു തരത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

More Stories from this section

family-dental
witywide