‘കേരള മോഡല്‍’ അനുകരിച്ച് തമിഴ്‌നാട് ഗവര്‍ണറും; പത്തു ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ടു

ചെന്നൈ: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിന്മേല്‍ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് തമിഴ്‌നാട് ഗവര്‍ണര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ പത്ത് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത് വൈകിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു. രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളില്‍ ഗവര്‍ണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രപതിക്ക് ബില്ല് വിടുകയാണെങ്കില്‍ ഇതിന് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. സര്‍ക്കാരിനും ബില്ലിന്‍ മേല്‍ യാതൊരു വിധത്തിലുള്ള നിയമനടപടികളും കൊണ്ടു വരാന്‍ കഴിയില്ല. ഇനി രാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അതനുസരിച്ചാകും തുടര്‍ നടപടി. കഴിഞ്ഞ ദിവസം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇത്തരമൊരു നീക്കം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്നാണ് കേരളാ ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്.

More Stories from this section

family-dental
witywide