കട്ടക്കലിപ്പിൽ മുഖ്യമന്ത്രിയും ഗവർണറും; ഒരേ വേദിയിൽ മുഖം കൊടുക്കാതെ

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അടുത്തടുത്തിരുന്നിട്ടും അകൽച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. കെ.ബി ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ രാജ്ഭവനിലായിരുന്നു ഇരുവരും നേർക്കുനേർ എത്തിയത്. തൊട്ടടുത്തിരുന്നിട്ടും ഇരുവരും മുഖത്തോടു മുഖം നോക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വേദിയിലേക്ക് എത്തിയെങ്കിലും മുഖ്യമന്ത്രിയും ഗവർണറും മുഖത്തു നോക്കിയില്ല. അടുത്തടുത്ത സീറ്റുകളിലായിട്ടും ആശയവിനിമയം നടത്തുകയോ ഹസ്തദാനം നടത്തുകയോ ചെയ്തില്ല. ചടങ്ങുകൾ നടക്കുന്നതിനിടയിലും ഇരുവരും പരസ്പരം നോക്കിയില്ല. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ ചടങ്ങ് കഴിഞ്ഞയുടൻ ഗവർണര്‍ മടങ്ങി. മന്ത്രിമാർക്കു ആശംസ നേർന്ന ശേഷം, രാജ്ഭവനിലെ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി. തൊട്ടുപിന്നാലെ പുതിയ മന്ത്രിമാർ ഒഴികെയുള്ള മറ്റുമന്ത്രിമാരും പുറത്തേക്കു പോയി. എ.കെ.ശശീന്ദ്രനും പുതിയ മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയും മാത്രം ചായസത്‌കാരത്തിൽ പങ്കെടുത്തു.

പുതിയമന്ത്രിമാർക്ക് ഗവർണറായിരുന്നു രാജ്ഭവനിൽ ചായ സത്കാരം ഒരുക്കിയത്. എന്നാൽ, മുഖ്യമന്ത്രി ഇതിൽ പങ്കെടുക്കാതെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ക്ലിഫ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാൽ ഗവർണർ ഒരുക്കുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പതിവ് തെറ്റി.

തന്റെ വാഹനത്തിനുനേരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ നടപടിയെടുത്തില്ലെന്ന് ഇന്നലെയും ഗവർണർ വിമർശനം ഉന്നയിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം ഉണ്ടായാൽ ഇനിയും വാഹനത്തിൽനിന്നു പുറത്തിറങ്ങുമെന്നും ഗവർണർ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മുഖ്യമന്ത്രിയുമായി എന്തെങ്കിലും ചർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. ഗവർണർ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നതിനെതിരെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide