ചട്ടഭേദഗതി ചതിച്ചാശാനേ…. കുഴല്‍നാടൻ്റെ റിസോര്‍ട്ടിനെ പറ്റി ഇനി എന്തു പറയും?

തൊടുപുഴ: ഭൂ പതിവ് നിയമ ചട്ടഭേദഗതിവന്നതോടെ രാഷ്ട്രീയക്കാരെല്ലാം വെട്ടിലായിരിക്കുകയാണ്. ഇടുക്കിയില്‍ നിയമം ലംഘിച്ചു നിര്‍മിച്ച പാര്‍ട്ടി ഓഫിസുകള്‍ , റിസോര്‍ട്ടുകള്‍ , വ്യാപാര കെട്ടിടങ്ങള്‍ എല്ലാം ഇനി നിയമ വിധേയമായിരിക്കും. ഉള്ളില്‍ സന്തോഷിക്കുമ്പോഴും ഒറ്റ ദുഖംമാത്രം – ഇടയ്ക്കിടെ എതിരാളികളെ തോല്‍പ്പിക്കാന്‍ എടുത്തിടുന്ന തുറപ്പു ചീട്ടായ പരിസ്ഥിതി സ്നേഹം ഇനി ഒരുപാട് ഓടില്ല. അത്തരമൊരു പ്രതിസന്ധിയിലാണ് സിപിഎം ഇപ്പോള്‍.

കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കിനല്‍കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഹോം സ്റ്റേ ലൈസന്‍സാണ് പുതുക്കിനല്‍കിയത്. അഞ്ചു വര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31 വരെയാണ് പുതുക്കിനല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കുഴൽനാടനെ തളയ്ക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിനൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.

മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ രംഗത്തെത്തിയിരുന്നു.

“പതിവു ചട്ടപ്രകാരം വീടു വയ്ക്കാനും കൃഷി ചെയ്യാനും മാത്രമാണു ചിന്നക്കനാൽ വില്ലേജിൽ സ്ഥലം വാങ്ങാൻ കഴിയുക. തനിക്കു കേരളത്തിൽ എവിടെയും വീടില്ലെന്നു ചിന്നക്കനാൽ വില്ലേജ് ഓഫിസർക്കു സത്യവാങ്മൂലം നൽകി സ്ഥലം വാങ്ങിയ കുഴൽനാടൻ അവിടെ നിർമിച്ചതു റിസോർട്ടാണ്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞതു റിസോർട്ടല്ല, ഗെസ്റ്റ് ഹൗസ് ആണെന്നാണ്. അതു നുണയാണ്. റിസോർട്ട് ബിസിനസാണ് അവിടെ നടക്കുന്നത്. ഇപ്പോഴും ബുക്കിങ് നടക്കുന്നുണ്ട്. പശ്ചിമ ഘട്ടവും പ്രകൃതിയും നശിക്കുമെന്നും റിസോർട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും ആവശ്യപ്പെടുന്ന എംഎൽഎയാണു നിയമവിരുദ്ധമായി അവിടെ സ്ഥലം വാങ്ങി റിസോർട്ട് നടത്തുന്നത്’’ – ഇതായിരുന്നു മോഹനന്റെ വാദം.

More Stories from this section

family-dental
witywide