
ന്യൂഡല്‍ഹി: ബിരുദധാരിയാണെന്ന കാരണത്താല്‍ ഭാര്യയോട് ജോലിക്ക് പോകാന്‍ പറയാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യക്ക് ബിരുദമുള്ളതിനാല്‍ നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ വേണ്ടി ഡിഗ്രിയുള്ള ഭാര്യ മനഃപൂര്‍വം ജോലിക്ക് പോകുന്നില്ലെന്ന് കരുതാനാവില്ലെന്നും കോടതി വിലയിരുത്തി. ഭാര്യ ബിരുദമോ ബിരുദാന്തര ബിരുദമോ നേടിയതുകൊണ്ട് മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാകണം എന്നില്ല. ഭര്‍ത്താവില്‍ നിന്ന് ഇടക്കാല ജീവനാംശം വാങ്ങിയെടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം മനഃപൂര്‍വം ജോലി ചെയ്യാത്തതാണ് എന്നും കരുതാനാവില്ലെന്നുമാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചത്.
അതേസമയം ജീവനാംശത്തില്‍ മെയിന്റനന്‍സ് തുക വര്‍ധിപ്പിക്കണമെന്നുള്ള ഭാര്യയുടെ ആവശ്യം കോടതി തള്ളി. തുക വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും വിഷയം കുടുംബക്കോടതി ന്യായമായി പരിഗണിച്ചിട്ടുണ്ടെന്നും അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി.














