കോൺഗ്രസ് നേതൃത്വത്തിന് നന്ദി; പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു: ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി പാർട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ ശശി തരൂർ എം.പി. പ്രവർത്തക സമിതിയിൽ അംഗമാക്കിയതിലൂടെ താൻ ആദരിക്കപ്പെട്ടെന്ന് തരൂർ പ്രതികരിച്ചു.

കോൺഗ്രസിന്‍റെ ചരിത്രത്തിൽ വലിയ തീരുമാനങ്ങൾ എടുത്തിട്ടുള്ള സമിതിയാണിത്. പാർട്ടി സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രവർത്തകരെ നമിക്കുന്നുവെന്നും വീഡിയോ സന്ദേശത്തിൽ ശശി തരൂർ വ്യക്തമാക്കി.

39 അംഗ പ്രവർത്തക സമിതിയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം പുനഃസംഘടിപ്പിച്ചത്. കേരളത്തിൽ നിന്ന് ശശി തരൂർ എം.പിയെ സമിതിയിൽ ഉൾപ്പെടുത്തി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സമിതിയിലെ സ്ഥിരം ക്ഷണിതാവായി നിയമിച്ചു.

നിലവിലെ പ്രവർത്തക സമിതിയംഗമായ മുതിർന്ന നേതാവ് എ.കെ ആന്‍റണി പദവിയിൽ തുടരും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിൽ അംഗമാണ്. കൊടിക്കുന്നിൽ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.