ഋഷി സുനക്കിന്റെ വസതി കറുപ്പില്‍ പൊതിഞ്ഞ് പ്രതിഷേധം; ഗ്രീന്‍പീസ് പ്രവർത്തകർ അറസ്റ്റില്‍

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ സ്വകാര്യ വസതി കറുത്ത തുണിയിൽ പൊതിഞ്ഞ് ഗ്രീന്‍പീസ് പ്രവർത്തകർ. രാജ്യത്തെ എണ്ണ ഖനനം സംബന്ധിച്ച സർക്കാർ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഗ്രീന്‍പീസ് പ്രവർത്തകരുടെ പ്രതിഷേധം. ഋഷി സുനകിന്റെ മണ്ഡലമായ റിച്ച്മോണ്ടിന് സമീപമുള്ള യോർക്ക്ഷയറിലെ വസതിയിലാണ് പ്രതിഷേധം അരങ്ങേറിയത്. സംഭവത്തില്‍ അഞ്ച് പരിസ്ഥിതി സംഘടനാ പ്രവർത്തകർ അറസ്റ്റിലായി.

അതേസമയം, അഞ്ചുമണിക്കൂറോളം പ്രതിഷേധക്കാർ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ചെലവഴിച്ചത് വലിയ സുരക്ഷ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഗോവണികളും കയറുകളും ഉപയോഗിച്ചാണ് പ്രവർത്തകർ മേല്‍ക്കൂരയിലേക്ക് പ്രവേശിച്ചത്. 200 മീറ്റർ ചതുരശ്ര മീറ്റർ കറുത്ത തുണിയുപയോഗിച്ച് കെട്ടിടം മൂടിയ ശേഷം, ‘എണ്ണയില്‍ നിന്നുള്ള ലാഭമാണോ നമ്മുടെ ഭാവിയാണോ’ വലുതെന്ന ചോദ്യമടങ്ങുന്ന ബാനറും പ്രതിഷേധക്കാർ ഉയർത്തി.

മണിക്കൂറുകളോളം മേല്‍ക്കൂരയില്‍ പ്രതിഷേധിക്കുകയായിരുന്ന പ്രവർത്തകരെ, പൊലീസെത്തി അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. അവധിക്കാലം ആഘോഷിക്കുന്നതിനായി ബുധനാഴ്ച, ബ്രിട്ടനില്‍ നിന്ന് പുറപ്പെട്ട ഋഷി സുനക് നിലവില്‍ കാലിഫോർണിയയിലാണുള്ളത്.

യുകെയുടെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ തകർക്കുന്നതാണ് സർക്കാർ നയമെന്ന് ഗ്രീൻപീസ് പ്രസ്താവനയില്‍ അറിയിച്ചു. നിലവിൽ അംഗീകാരത്തിന് കാത്തിരിക്കുന്ന യുകെയിലെ ഏറ്റവും വലിയ അവികസിത എണ്ണ-വാതക ശേഖരമായ റോസ്ബാങ്കിന് പച്ചക്കൊടി വീശുന്നതില്‍ നിന്ന് സുനക് സർക്കാരിനെ തടയുകയാണ് തങ്ങളുടെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും സംഘടന അറിയിച്ചു.

സമുദ്ര ഖനനത്തിനായി നൂറില്‍പ്പരം ഖനന ലെെസന്‍സുകള്‍ അനുവദിച്ച സർക്കാർ, 2050-ഓടെ രാജ്യത്തെ ആഭ്യന്തര ഊർജം ഉത്പാദനം വർദ്ധിപ്പിച്ച്, യുകെയെ നെറ്റ് സീറോ ഇക്കണോമിയിലേക്ക് എത്തിക്കാന്‍ ഈ പദ്ധതി ഊർജമേകുമെന്നാണ് സർക്കാരിന്റെ അവകാശവാദം. 2030-നകം രാജ്യത്ത് രണ്ട് പുതിയ കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് യൂണിറ്റുകള്‍ നിർമ്മിക്കാനുള്ള പദ്ധതിയും ഋഷി സുനക് പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide