
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്. എന്നാൽ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ഗ്രെറ്റ പിൻവലിച്ചു.
ചിത്രത്തിൽ ഒരു നീരാളിയുടെ പാവയുണ്ടായിരുന്നു എന്നതാണ് ചിത്രം നീക്കാൻ കാരണം. നീരാളി സെമറ്റിക് വിരുദ്ധതയെയാണ് പ്രതീകവൽക്കരിക്കുന്നതെന്നും, ഗ്രെറ്റ പോസ്റ്റിലൂടെ സെമറ്റിക് വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നുമുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ശേഷം എഡിറ്റ് ചെയ്ത ഫോട്ടോ വീണ്ടും ഗ്രെറ്റ പോസ്റ്റ് ചെയ്തു. ജൂതർക്കെതിരെ നാസികൾ പ്രചരിപ്പിച്ച കാരിക്കേച്ചറാണ് നീരാളി (ഒക്‌ടോപസ്).
എഡിറ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത ഗ്രെറ്റ, നേരത്തെ പോസ്റ്റ് ചെയ്‌ത ഫോട്ടോയിലുണ്ടായിരുന്ന നീരാളി സെമറ്റിക് വിരുദ്ധതയായി ചിലർക്കെങ്കിലും തോന്നാനിടയുണ്ടെന്നു മനസിലാക്കുന്നുവെന്നും, അത് ശ്രദ്ധയിൽ പെടാതെ പോയതാണെന്നും കുറിച്ചു. ഏതു വിധേനയുള്ള സെമിറ്റിക് വിരുദ്ധതയ്ക്കും തങ്ങൾ എതിരാണെന്നും, അത് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കാത്ത കാര്യമാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും ഗ്രെറ്റ കുറിച്ചു.