
എക്സ് സിഇഒ ഇലോൺ മസ്കിൽ തനിക്ക് ജനിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ അവകാശത്തിനായി കോടതിയെ സമീപിച്ച് കനേഡിയൻ ഗായികയും മസ്കിന്റെ മുൻ കാമുകിയുമായ ഗ്രൈംസ്. ക്ലെയർ ബൗച്ചർ എന്ന ഗ്രൈംസ് കുട്ടികളുടെ മേൽ തനിക്കുള്ള അവകാശത്തിനായി സെപ്റ്റംബർ 29-ാം തിയതിയാണ് കോടതിയെ സമീപിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
തന്റെ ആൺ മക്കളെ കാണാൻ മസ്ക് അനുവദിക്കുന്നില്ലെന്ന് നേരത്തെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ഗ്രൈംസ് ആരോപിച്ചിരുന്നു. പിന്നീട് ഈ പോസ്റ്റ് അപ്രത്യക്ഷമായി.
ഗ്രൈംസിനും മസ്കിനും മൂന്ന് മക്കളാണുള്ളത്. X Æ A-1, 2020 മെയിലും, എക്സാ ഡാർക്ക് സൈഡെറൽ – Y എന്നറിയപ്പെടുന്ന മകൾ 2021 ഡിസംബറിൽ വാടക ഗർഭധാരണത്തിലൂടെയുമാണ് ജനിച്ചത്. ടൗ എന്നുവിളിക്കുന്ന മൂന്നാമത്തെ കുട്ടി, ടെക്‌നോ മെക്കാനിക്കസ് കഴിഞ്ഞ വർഷം ജൂണിൽ ആണ് ജനിച്ചത്.
2018ലാണ് ഗ്രൈംസും ഇലോൺ മസ്ക്കും പ്രണയത്തിലായത്. 2020 മേയിൽ മസ്ക്കിനും ഗ്രൈംസിനും ആദ്യ കുഞ്ഞ് പിറന്നു. ജസ്റ്റിൻ മസ്‌ക് ആണ് ഇലോൺ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ൽ ഇവരുമായി വേർപിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേർപിരിയുകയും ചെയ്തു. ആദ്യ ഭാര്യയിൽ മസ്‌കിന് അഞ്ച് മക്കളുണ്ട്.
മസ്ക്കിനെ തന്റെ ബോയ്ഫ്രണ്ട് എന്നു തന്നെ വിളിക്കുമെന്നും എന്നാൽ ഇരുവീടുകളിലാണ് താമസമെന്നും ഗ്രൈംസ് പറഞ്ഞിരുന്നു. തങ്ങൾ ആത്മാർഥ സുഹൃത്തുക്കളാണ്. എല്ലായ്പ്പോഴും പരസ്പരം കാണാറുണ്ട്. മറ്റുള്ളവർക്ക് തങ്ങൾക്കിടയിലെ ബന്ധം മനസ്സിലാകണമെന്നില്ല. തനിക്കും മസ്ക്കിനും കൂടുതൽ കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നും മൂന്നോ നാലോ കുട്ടികൾ വേണമെന്ന് നേരത്തേ തൊട്ടേ പറയുമായിരുന്നു എന്നും ഗ്രൈംസ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബ്രേക്അപ് വാർത്ത പുറത്തുവന്നത്.