
ഗാസ: ഗാസയില്‍ ഭൂമിക്കടിയിലുള്ള തുരങ്കങ്ങളിലാണ് ഇസ്രയേലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഹമാസ് മോചിപ്പിച്ച ഇസ്രയേലി വയോധിക എണ്‍പത്തഞ്ചുകാരി യോചേവദ് ലിഫ്ഷിറ്റ്‌സ്. ഹമാസ് സായുധ സംഘം ഇന്നു മോചിപ്പിച്ച രണ്ടു വനിതകളില്‍ ഒരാളായ യോചേവദ് ലിഫ്ഷിറ്റ്‌സ് ആശുപ്ത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ ഖുറാനില്‍ വിശ്വസിക്കുന്നവരാണെന്നും യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്നും ഹമാസിന്റെ ആളുകള്‍ തങ്ങളോട് പറഞ്ഞതായും അവര്‍ അറിയിച്ചു.
യോചേവദ് ലിഫ്ഷിറ്റ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം:
അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗ്രാമത്തില്‍നിന്ന് ഹമാസ് സായുധസംഘം മോട്ടോര്‍ ബൈക്കിലാണ് ഗാസയിലേക്കു കൊണ്ടുപോയത്. ഒരു ഗേറ്റ് വഴിയാണ് ഇസ്രയേല്‍ അതിര്‍ത്തിയില്‍നിന്ന് അവര്‍ ഗാസയിലേക്ക് കടന്നത്. ബൈക്ക് യാത്രയെത്തുടര്‍ന്ന് ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടായി. അവിടെ എത്തുമ്പോഴേയ്ക്കും ആകെ അവശയായിരുന്നു. നേരാംവണ്ണം ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ചിലന്തിവല പോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ തുരങ്കങ്ങള്‍ ഹമാസിന്റെ നിയന്ത്രണത്തില്‍ ഗാസയില്‍ ഭൂമിക്കടിയിലുണ്ട്. അവിടെയാണ് ഇസ്രയേലില്‍ നിന്നു പിടിച്ചുകൊണ്ടു പോയ ബന്ദികളെ പാര്‍പ്പിച്ചത്.
കയ്യിലുണ്ടായിരുന്ന വാച്ചും മറ്റ് ആഭരണങ്ങളും പിടിച്ചുകൊണ്ടു പോയവര്‍ കൈക്കലാക്കി. മോട്ടര്‍ബൈക്കില്‍ ഗാസയില്‍ ഒരുകൂട്ടം ആളുകള്‍ക്കു നടുവിലാണ് ചെന്നിറങ്ങിയത്. തങ്ങള്‍ ഖുറാനില്‍ വിശ്വസിക്കുന്നവരാണെന്നും യാതൊരു വിധ ഉപദ്രവവും ഉണ്ടാക്കില്ലെന്നും അവര്‍ ആദ്യമേ പറഞ്ഞു. ഇവിടെയെത്തിയ ഉടനെ ബന്ദികളുടെ കൂട്ടത്തിലുള്ള ഞങ്ങള്‍ 25 പേരെയും ഹമാസ് സായുധ സംഘം തുരങ്കങ്ങളിലേക്കു മാറ്റി. രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം കിബുട്‌സ് നിറോസില്‍ നിന്നുള്ള അഞ്ചു പേരെ അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റി. ബന്ദികളെ പാര്‍പ്പിച്ച സ്ഥലത്ത് ഗാര്‍ഡുമാരും ഡോക്ടറും സഹായികളുമുണ്ടായിരുന്നു.
വളരെ വൃത്തിയുള്ള സ്ഥലത്താണ് ബന്ദികളെ പാര്‍പ്പിച്ചത്. ടണലില്‍ ഉറങ്ങാന്‍ എല്ലാവര്‍ക്കും പായ നല്‍കിയിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ എല്ലാവരുടെയും ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് ഒരു ഡോക്ടര്‍ വരും. ഗാസയിലേക്കു കൊണ്ടുവരുന്നതിനിടെ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു ബന്ദിയും കൂട്ടത്തിലുണ്ടായിരുന്നു. അയാള്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കി. എല്ലാവര്‍ക്കും സമയാസമയം മരുന്നു നല്‍കുന്നതിനായി മറ്റൊരാളും സ്ഥിരമായി ടണലില്‍ എത്തിയിരുന്നു.
ബന്ദികളാക്കിയവരില്‍ അഞ്ചു പേര്‍ക്കു വീതം ഒരു ഗാര്‍ഡുണ്ടായിരുന്നു. ആ അഞ്ചു പേരുടെയും എല്ലാ കാര്യങ്ങളും ആ ഗാര്‍ഡാണ് നോക്കിയിരുന്നത്. സ്ത്രീകളുടെ ശുചിത്വ കാര്യങ്ങളില്‍പ്പോലും വലിയ ശ്രദ്ധയാണ് അവിടെയുള്ളവര്‍ ചെലുത്തിയത്. ടണലില്‍ എത്തിയതു മുതല്‍ ബന്ദികള്‍ക്ക് വെള്ള ചീസും വെള്ളരിയുമാണ് ഭക്ഷണമായി നല്‍കിയിരുന്നത്. ഇതേ ഭക്ഷണമാണ് ടണലില്‍ ബന്ദികളുടെ കാര്യങ്ങള്‍ നോക്കാനായി ഉണ്ടായിരുന്ന ഹമാസിന്റെ ആളുകളും കഴിച്ചിരുന്നത്. ഞങ്ങള്‍ രണ്ടു പേരെ ഇന്നു മോചിപ്പിച്ചെങ്കിലും, ഗാസയില്‍ ബന്ദികളാക്കപ്പെട്ടിട്ടുള്ള എല്ലാവരെയും രക്ഷിച്ചാല്‍ മാത്രമേ എല്ലാം പൂര്‍ത്തിയാകൂ.











