രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയില്‍ മരണ സംഖ്യ 5000 കടന്നു

ഗാസ: ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് കടന്ന് കരമാര്‍ഗ്ഗമുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചത്. അമേരിക്കയുടെ സമ്മര്‍ദ്ദിന് പിന്നാലെ രണ്ട് അമേരിക്കന്‍ പൗരന്മാരെ മൂന്ന് ദിവസം മുമ്പ് വിട്ടയച്ചിരുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ രണ്ട് ഇസ്രായേലി സ്ത്രീകളെ കൂടി മോചിപ്പിച്ചത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് കേന്ദ്രങ്ങള്‍ വിശദീകരിച്ചു.

ഹമാസിന്റെ തടവില്‍ 200 പേരെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അമ്പതോളം പേരെ ഘട്ടംഘട്ടമായി ഹമാസ് മോചിപ്പിക്കുമെന്ന സൂചനകളുണ്ട്. ഇതിനായി റെഡ് ക്രോസിന്റേയടക്കം ഇടപെടലുകള്‍ തുടരുന്നുണ്ട്. പ്രധാനമായും ഇരട്ട പൗരത്വമുള്ളവരെയാണ് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 436 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടരുടെ എണ്ണം 5000 കടന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയോളം കുട്ടികളാണ്. ഒക്ടോബര്‍ 7നാണ് ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം ആരംഭിച്ചത്. തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രായേലി പൗരന്മാര്‍ കൊല്ലപ്പെട്ടു.

ആശുപത്രിയിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തുന്നു എന്ന ആരോപണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് 500 പേരുടെ മരണത്തിനിടയാക്കിയ ആശുപത്രിയിലെ സ്ഫോടനം ലോകത്ത് വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ഇന്നലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലും ഇസ്രായേല്‍ റോക്കറ്റ് പതിച്ചു. 

ഗാസയിലേക്ക് വൈദ്യസഹായവും ഭക്ഷണവും വെള്ളവും ഒക്കെ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. റാഫാ അതിര്‍ത്തി ഇതിനായി രണ്ടുദിവസം മുമ്പ് തുറന്നിരുന്നു. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടേയുമൊക്കെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റാഫാ അതിര്‍ത്തി തുറന്നത്. ഗാസയിലെ യുദ്ധക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാന്‍ ഏതാണ്ട് എല്ലാ ലോകരാജ്യങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയും ഗാസയിലേക്ക് സഹായം അയക്കുന്നുണ്ട്. 

Hamas released two more hostages