
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിനെതിരായ നിയമനത്തട്ടിപ്പ് കേസില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍ ഹരിദാസ്. തനിക്ക് കാര്യങ്ങള്‍ ഒന്നും ഓര്‍മ്മയില്ലെന്നാണ് ഹരിദാസന്‍ ഇന്ന് പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് ഹരിദാസന്‍ പറയുന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിനാണ് ഇപ്പോള്‍ ഹരിദാസ് പോലീസിന് വ്യക്തതയില്ലാത്ത മൊഴ ിനല്‍കിയിരിക്കുന്നത്.
അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ മറവില്‍ നടന്ന നിയമന തട്ടിപ്പില്‍ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതി അഖില്‍ സജീവിന്റെ സുഹൃത്തും കോഴിക്കോട്ടെ അഭിഭാഷകനുമായ റഹീസിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ മരുമകള്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരില്‍ വ്യാജ ഈമെയില്‍ സന്ദേശം അയച്ചത് അഖില്‍ സജീവും റഹീസും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
റഹീസിന്റ ഫോണില്‍ നിന്നാണ് വ്യാജ ഈ മെയില്‍ അയച്ചിരിക്കുന്നത്. അഖില്‍ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുന്‍ എസ്ഫ്‌ഐ നേതാവുമായ ലെനിന്‍ ആയിരുന്നു. കേസില്‍ അഖില്‍ സജീവന്‍ പണം വാങ്ങിയിരുന്നതായി പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. കേസില്‍ കോഴിക്കോട് സ്വദേശിയായ ലെനിന്‍, പത്തനംതിട്ട സ്വദേശി അഖില്‍ സജീവ് എന്നിവരെ പ്രതി ചേര്‍ത്തിരുന്നു. വഞ്ചനാക്കുറ്റം ആള്‍മാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചാണ് സന്ദേശമയച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഓഫീസിനോ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനോ ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.












