മോനു മനേസറിനെ അറസ്റ്റ് ചെയ്യണം; ആവശ്യമുന്നയിച്ച് ഹരിയാനയിലെ കർഷകരും ഖാപ് പഞ്ചായത്ത് നേതാക്കളും

ന്യൂഡൽഹി: ബജ്റംഗ്ദൾ പ്രവർത്തകനായ മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഹരിയാനയിലെ നൂഹിൽ നിന്നുള്ള കർഷകരും ഖാപ് പഞ്ചായത്ത് നേതാക്കളും.

ജൂലായ് 31 ന് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഘോഷയാത്രയെ ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ രണ്ട് ഹോം ഗാർഡുകളും ഒരു മതപുരോഹിതനും ഉൾപ്പെടുന്നു.

ഈ വർഷം ആദ്യം മുസ്ലീം സമുദായത്തിൽ നിന്നുള്ള രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ബജ്‌റംഗ്ദൾ നേതാവായ മോനു മനേസറിന് പങ്കുണ്ടെന്നാണ് ആരോപണം. നൂഹിലെ മതപരമായ ഘോഷയാത്രയിൽ മനേസർ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങൾ നഗരത്തിലെ വർഗീയ സംഘർഷങ്ങൾക്ക് കാരണമായി. അത് പിന്നീട് ഗുരുഗ്രാമിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്‌ഐആറുകൾ ഫയൽ ചെയ്യുകയും 305 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലുള്ള 106 പേരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

ബുധനാഴ്ച, ഹരിയാനയിൽ നിന്നുള്ള ഖാപ് പഞ്ചായത്തുകൾ, കർഷക യൂണിയനുകൾ, മതനേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത ഒരു വലിയ സമ്മേളനം ഹിസാറിൽ അക്രമത്തെ അപലപിച്ച് ‘മഹാപഞ്ചായത്ത്’ നടത്തുകയും മേഖലയിൽ സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്യുന്ന നിരവധി പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.

ഭാരതീയ കിസാൻ മസ്ദൂർ യൂണിയൻ സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും പങ്കെടുത്തു. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ മതത്തിൽപ്പെട്ടവരും പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു.

അടുത്തിടെ, മഹേന്ദർഗഡ്, രേവാരി, ഝജ്ജാർ ജില്ലകളിലെ ചില പഞ്ചായത്ത് മേധാവികൾ എഴുതിയതായി കരുതപ്പെടുന്ന കത്തുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. മുസ്ലീം വ്യാപാരികൾ തങ്ങളുടെ ഗ്രാമങ്ങളിൽ കച്ചവടം നടത്തുന്നത് പഞ്ചായത്തുകൾ വിലക്കിയതായി കത്തിൽ അവകാശപ്പെടുന്നു.

ഹരിയാന സർക്കാർ നൂഹിലെ വർഗീയ കലാപം കൈകാര്യം ചെയ്ത രീതിയെ കർഷക സംഘടനകൾ വിമർശിച്ചു. അതേസമയം ഖാപ് പഞ്ചായത്തുകൾ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് നടത്തിയത്. ചില ഖാപ്പുകൾ മുസ്ലീം വ്യാപാരികളുടെ ബഹിഷ്കരണത്തെ പിന്തുണച്ചു, മറ്റുള്ളവർ അക്രമത്തെ അപലപിക്കുകയും മനേസറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.