
ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്ബേയെ വ്യോമാക്രമണത്തില്‍ വധിച്ചതായി വെളിപ്പെടുത്തി ഇസ്രയേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം ആസുത്രണം ചെയ്തു നടപ്പാക്കുന്നതില്‍ റുക്ബേ നിര്‍ണായക പങ്കു വഹിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്.
നേരത്തേ ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയായിരുന്ന അബു മുറാദിനെ വധിച്ചതായി കഴിഞ്ഞ പതിനാലിന് ഇസ്രയേലി സേന അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇസ്സം അബു റുക്ബേയെയും വധിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. ഹമാസിന്റെ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്സ്, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത് റുക്ബേ ആണ്.
അതേസമയം പലസ്തീന്‍ എന്‍ക്ലേവില്‍ ഇസ്രായേല്‍ സൈന്യം വ്യോമ, കര ആക്രമണം വ്യാപകമാക്കിയതിന് പിന്നാലെ ഇസ്രായേല്‍ ആക്രമണങ്ങളെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ ഗാസയിലെ തങ്ങളുടെ അംഗങ്ങള്‍ സജ്ജമാണെന്ന് ഹമാസ് അറിയിച്ചിരുന്നു. ഗാസയില്‍ ആക്രമണം ശക്തമാക്കിയതായി ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ പോരാളികള്‍ ഇസ്രായേല്‍ അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈനികരുമായി ഏറ്റുമുട്ടുകയാണെന്ന് ഗാസ ഭരിക്കുന്ന പലസ്തീന്‍ ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു. നെതന്യാഹുവിനും സൈന്യത്തിനും വിജയം നേടാന്‍ കഴിയില്ല ഹമാസ് പറഞ്ഞിരുന്നു.










