
കൊച്ചി: കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയം പതിനാറു വയസ്സുകാരനായ ഹരിനാരായണനില്‍ മിടിച്ചു തുടങ്ങി. ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമാണെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം മാധ്യമങ്ങളെ അറിയിച്ചു. അതേസമയം 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമെ ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹരിനാരായണന്‍ നിലവില്‍ ഐസിയുവില്‍ ഒബ്‌സര്‍വേഷനില്‍ തുടരുകയാണ്.
സര്‍ക്കാരിന്റേയും പൊലീസിന്റേയും മാധ്യമങ്ങളുടേയും പിന്തുണ നല്ലരീതിയില്‍ ലഭിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് 40 മിനിറ്റ് കൊണ്ടാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ സൗജന്യമായി ഹെലികോപ്റ്റര്‍ തന്നത് ഏറെ സഹായകമായി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് മൂന്നുമണിയോടെ വിജയകരമായി അവസാനിച്ചു.
സംസ്ഥാനത്ത് അവയവദാനം ഏകദേശം നിലച്ച സാഹചര്യത്തില്‍ ഒരുമാസം മുന്‍പ് ഹരിനാരായണനെ ചെന്നൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് രൂപ നല്‍കി ഹൃദയം മാറ്റിവെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തിരിച്ചുവരികയായിരുന്നു. അതിനിടെയാണ് ഹൃദയം ലഭിക്കുന്ന സാഹചര്യമുണ്ടായത്. കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഇവിടെനിന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സ് കടന്നുവന്ന വഴിയില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണന് നല്‍കിയിരിക്കുന്നത്. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്സ് കൂടിയായ സെല്‍വിന്റെ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചിരുന്നു. സെല്‍വിന്റെ ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിവയെല്ലാം ദാനം നല്‍കി. ഹൃദയം ലിസി ആശുപത്രിയിലേക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും.










