
കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പതിനാറുകാരനായ ഹരിനാരായണന്‍ എറണാകുളം ലിസി ആശുപത്രി വിട്ടു. കഴിഞ്ഞമാസം അവസാനമാണ് ഹരിനാരായണന് ഹൃദയം മാറ്റിവച്ചത്. ഹൃദയം ക്രമാതീതമായി വികസിപ്പിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു ഹരിനാരായണന്. കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച നഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണന് മാറ്റി വെച്ചത്.
തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍ ശേഖര്‍. അതീവ ദുഃഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്നത് സ്റ്റാഫ് നഴ്‌സ് കൂടിയായ സെല്‍വിന്റെ ഭാര്യ ഗീതയായിരുന്നു. സെല്‍വിന്റെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് ഹെലികോപ്റ്ററിലാണ് കൊച്ചി ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സെല്‍വിന്റെ ഹൃദയം ഹരിനാരായണന് അനുയോജ്യമാണെന്ന് ഉറപ്പായതോടെ ശസ്ത്രക്രിയ സാധ്യമാകുകയായിരുന്നു. ഹരിനാരായണന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഹരിനാരായണിന്റെ സഹോദരന്‍ സൂര്യനാരായണന്‍ 2021ല്‍ ലിസി ആശുപത്രിയില്‍ത്തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു.
ഈ രണ്ട് സഹോദരന്മാരുടേയും ചികിത്സാ രീതിയില്‍ ഒരുപാട് സമാനതകളുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുക, ഇരുവര്‍ക്കും ഹൃദയം മാറ്റിവയ്ക്കേണ്ടിവരിക, ഒരേ ശസ്ത്രക്രിയ നടത്തുക, രണ്ടുപേര്‍ക്കും തിരുവനന്തപുരം നഗരത്തില്‍ നിന്ന് തന്നെ ഹൃദയമേറ്റെടുക്കുക എന്നിങ്ങനെയായിരുന്നു ആ സമാനതകള്‍. ഹൃദയമാറ്റിവെയക്കല്‍ കഴിഞ്ഞ ഹരിയുടെ ജ്യേഷ്ഠന്‍ സൂര്യനാരായണനും ആരോഗ്യവാനുമാണ്.










