കേരളത്തിൽ കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളം കയറി, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുര: കേരളത്തിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് ശനിയാഴ്ച രാത്രി മുതൽ അതി ശക്തമഴയായിരുന്നു. നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ടെക്നോപാർക്ക് ഫെയ്സ് 3യ്ക്ക് സമീപമുള്ള വീടുകളിൽ വെള്ളം കയറി. പുലർച്ചയോടെ ഇവിടുത്തെ 3 കുടുംബങ്ങളെ ഫയർഫോഴ്സ് വാട്ടർ ഡിങ്കിയിൽ മാറ്റി.

തിരുവനന്തപുരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രി മുഴുവന്‍ ശക്തമായ പെയ്ത മഴയ്ക്ക് രാവിലെയോടെയാണ് നേരിയ ശമനമുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വീടുകളില്‍ വെള്ളം കയറി.

വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ദിവസം കൂടി മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോരമേഖലയിലുള്ളവര്‍ക്കും തീരദേശമേഖലയിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

More Stories from this section

family-dental
witywide