തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; വെളളപ്പൊക്കത്തില്‍ മുങ്ങി റോഡുകള്‍, നാലു ജില്ലകള്‍ക്ക് പൊതു അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകള്‍ മുങ്ങി. കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ജില്ലകളില്‍ 250 സംസ്ഥാന ദുരന്ത നിവാരണ സേനയെയും ദേശീയ ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. തിരുനെല്‍വേലി ജില്ലയില്‍ 19 ക്യാമ്പുകള്‍ തുറന്നു. തിരുനെല്‍വേലിയില്‍ നിന്ന് ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സര്‍ക്കാര്‍ മന്ത്രിമാരെ ദുരിതബാധിത ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. നാല് ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ദുരിതബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദ്രുതകര്‍മ്മസേന രംഗത്തിറങ്ങിയിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേര്‍ട്ടുളള ജില്ലകളില്‍ സ്‌കൂളുകള്‍, കോളേജുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലെ തിരുച്ചെണ്ടൂരില്‍ 15 മണിക്കൂറിനിടെ 53.6 സെന്റമീറ്റര്‍ മഴയാണ് പെയ്തത്.

അതേസമയം സംസ്ഥാനത്ത് രണ്ടു ദിവസം കൂടി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ കനക്കാന്‍ കാരണം. മഴ കനത്ത പശ്ചാത്തലത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാളങ്ങളിലും റെയില്‍വേ യാര്‍ഡുകളിലും മഴവെള്ളം കയറിയതിനെ തുടര്‍ന്ന് വന്ദേഭാരത് അടക്കം 20 ട്രെയിനുകള്‍ റദ്ദാക്കി.

More Stories from this section

family-dental
witywide