
മുംബൈ പൊലീസിന്റെ ലിയോ എന്ന ഡോബർമാൻ നായ ഇപ്പോൾ ഹീറോയാണ്. മുംബൈ പൊലീസിൻ്റെ ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിലേതാണ് നായ. കാണാതായ ആറുവയസുകാരനെ വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്തിയാണ് ലിയോ എന്ന നായ അഭിനന്ദനം വാങ്ങിക്കൂട്ടുന്നത്. മുംബൈയിലെ ചേരിപ്രദേശത്തെ പവായിലെ അശോക് നഗറിലായിരുന്നു സംഭവം.
നവംബർ 23 നാണ് സംഭവം നടന്നത്. വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി. സന്ധ്യയായിട്ടും കുട്ടി തിരികെ വന്നില്ല. പാതിരാത്രിയായിട്ടും കുട്ടി വരാത്തപ്പോൾ വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അജ്ഞാതനായ ഒരാൾ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയി എന്ന് കാണിച്ചാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്.
പക്ഷേ, ഇവിടെ സിസിടിവി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതോടെ അന്വേഷണം പൊലീസിന് വെല്ലുവിളിയായിത്തീർന്നു. പിന്നാലെ പൊലീസ് നായയായ ലിയോയെ കൊണ്ടുവരുന്നത്. കുട്ടി കളിക്കാൻ പോകുന്നതിന് മുമ്പായി വസ്ത്രങ്ങളൂരിവച്ച കാര്യം വീട്ടുകാർ പറഞ്ഞിരുന്നു. അങ്ങനെ കുട്ടിയുടെ വീട്ടിലെത്തിയ നായയെ കൊണ്ട് കുട്ടിയുടെ വസ്ത്രം മണപ്പിച്ചു. പിന്നാലെ, ലിയോ കുട്ടിയെ തെരഞ്ഞിറങ്ങി. ഡോഗ് സ്ക്വാഡിലെ മികച്ച പരിശീലനം നേടിയ നായയാണ് ലിയോ. ലിയോ ഒടുവിൽ കുട്ടിയുടെ വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള അശോക് ടവര്‍ മേഖലയിലെ അംബേദ്കര്‍ ഉദ്യാനില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ഇതൊരു തുറസ്സായ പ്രദേശമാണ്. എന്നാൽ, കുട്ടി എങ്ങനെ ഇവിടെ എത്തിയെന്നോ ആരാണ് കൊണ്ടുവന്നതെന്നോ വ്യക്തമായിട്ടില്ല.
Heroic Mumbai Police Sniffer Dog Rescues Kidnapped 6 Year-Old in 90 Minutes