യുദ്ധ അനുകൂല നിലപാട്: ചെങ്കടലിലെ സംയുക്ത നാവിക നീക്കത്തിൽ അമേരിക്കയോട് അടുക്കാതെ സഖ്യ രാജ്യങ്ങൾ

ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സംയുക്ത നാവിക ദൗത്യത്തോട് വിമുഖത കാട്ടി സഖ്യകക്ഷികൾ. യൂറോപ്യൻ യൂണിയനിലെ സഖ്യരാജ്യങ്ങൾ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ’ എന്ന ദൗത്യത്തിൽനിന്ന് അകലം പാലിച്ചിരിക്കുകയാണ്. ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുകയാണ് ദൌത്യത്തിൻ്റെ ലക്ഷ്യം. തങ്ങൾ ഇതിന്റെ ഭാഗമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറ്റലിയും സ്പെയിനും പരസ്യമായി രംഗത്തു വന്നു.

ഇരുപതോളം അംഗരാജ്യങ്ങളുള്ള സംയുക്ത സുരക്ഷാ സംഘമാണ് ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയന്’ നേതൃത്വം നൽകുന്നത്. എന്നാൽ പകുതി രാജ്യങ്ങൾ പോലും ഈ നീക്കത്തോട് അനുഭാവം കാണിക്കുന്നില്ല. അമേരിക്ക നേതൃത്വം നൽകുന്ന ഈ നീക്കത്തിനൊപ്പം നിൽക്കാൻ രാജ്യങ്ങൾ തയാറാകാത്തതിനു കാരണം ഗാസയിൽ നടക്കുന്ന ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടാണ്. നിലവിൽ 21000 പലസ്തീൻകാർ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചതായാണ് കണക്ക്.

ഇറ്റലി ഒരു യുദ്ധക്കപ്പൽ ചെങ്കടലിലേക്ക് അയയ്ക്കും എന്നറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് അമേരിക്കയുടെ സംയുക്ത നീക്കത്തിന്റെ ഭാഗമായല്ല, ഇറ്റാലിയൻ ചരക്കുകപ്പലുകൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണെന്നാണ് ഇറ്റലി അറിയിക്കുന്നത്. ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം സാധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫ്രാൻസും അറിയിച്ചിട്ടുണ്ട്, എന്നാൽ ഫ്രഞ്ച് യുദ്ധക്കപ്പലുകൾ നിയന്ത്രിക്കുന്നത് ഫ്രാൻസ് തന്നെയായിരിക്കുമെന്നും അവർ അറിയിക്കുന്നു.

സംയുക്ത സുരക്ഷാ നീക്കമായ ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയന്റെ ഭാഗമാകില്ലെന്ന് സ്പെയിൻ അറിയിച്ചു. സൗദി അറേബ്യയും യുഎഇയും സംയുക്ത നീക്കത്തിൽ താല്പര്യമില്ല എന്നറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് അമേരിക്കയുമായി യോജിപ്പാണെങ്കിലും സംയുക്ത നീക്കത്തിന്റെ ഭാഗമായാൽ തങ്ങൾ വേട്ടയാടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് സുരക്ഷിതമായ അകലം പാലിക്കാനാണ് സാധ്യത.

നവംബർ 19 മുതൽ ചെങ്കടലിൽ ഹൂതികൾ ആക്രമണം ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 12 കപ്പലുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും നാവികസേനകൾ പ്രത്യാക്രമണവും നടത്തി. ഹൂതികളുടെ ഡ്രോണുകളും മിസൈലുകളും ഇവർ വെടിവച്ചിട്ടു.

ആഗോളതലത്തിൽ കപ്പൽ മാർഗം നടക്കുന്ന ചരക്കുനീക്കങ്ങളുടെ 12 ശതമാനവും നടക്കുന്ന സൂയസ് കനാലിലേക്ക് പ്രവേശിക്കുന്ന ചെങ്കടലിലൂടെയാണ്. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ നടക്കുന്ന ചരക്കുനീക്കങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന കടലിടുക്കാണ് സൂയസ് കനാൽ. മിക്കവാറും കപ്പലുകളും ആഫ്രിക്കയിലെ പ്രതീക്ഷാ മുനമ്പിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

Hesitation among US allies leaves operation prosperity Guardian desperate straits

More Stories from this section

family-dental
witywide