
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തെച്ചൊല്ലി ഉയർന്നുവരുന്ന പിരിമുറുക്കങ്ങൾക്കും ഗാസയിൽ ഇസ്രയേൽ കരയുദ്ധം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കുമിടയിൽ, ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല, ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരിയെയും ഇസ്‍ലാമിക് ജിഹാദ് മേധാവി സിയാദ് അൽ-നഖലയെയുമാണ് സന്ദർശിച്ചതെന്ന് ഹിസ്ബുല്ല ചാനൽ അൽ-മനാർ ടി.വി റിപ്പോർട്ട് ചെയ്തു. ഗാസയിൽ പ്രതിരോധം ശക്തമാക്കാനുള്ള നീക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.
ഇസ്രയേല്‍-പാലസ്തീന്‍ യുദ്ധം പതിനെട്ടാം ദിവസം പിന്നിടുമ്പോള്‍ ഗാസ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 704 പേരാണ്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 5791 ആയി. ഇതിൽ 2360 കുട്ടികളും ഉള്‍പ്പെടുന്നു.
അതേസമയം, ഗാസയിൽ കരയുദ്ധം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ഇസ്രയേലിന് അവരുടെ സ്വന്തമായ തീരുമാനങ്ങളെടുക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചക്കിടെ, “ഇസ്രയേൽ കരയുദ്ധം വൈകിപ്പിക്കാനുള്ള കാരണം യുഎസ് ആണോ?” എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു ബൈഡന്റെ മറുപടി. “ഇസ്രയേലികൾക്ക് അവരുടെ സ്വന്തം തീരുമാനങ്ങളെടുക്കാം,” എന്നാണ് ബൈഡൻ പറഞ്ഞത്.















